മുംബൈ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷങ്ങൾക്കിടെ മഹാരാഷ്ട്രയിലെ ബീഡ്, ധൂലെ ജില്ലകളിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർ സ്വയം തീകൊളുത്താൻ ശ്രമിച്ചു.
ബീഡ് മുനിസിപ്പാലിറ്റിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിതിൻ മുജ്മുലെ എന്നയാളാണ് സർക്കാർ റസ്റ്റ് ഹൗസിന് സമീപം മഹാരാഷ്ട്ര മന്ത്രി ദത്താത്രേ ഭാർനെയുടെ വാഹനവ്യൂഹത്തിന് മുന്നിൽ തീകൊളുത്താൻ ശ്രമിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വാഹനവ്യൂഹം ഡോ. ബാബാസാഹെബ് അംബേദ്കർ ഭവന് സമീപമെത്തിയപ്പോൾ ഇയാൾ പെട്രോളൊഴിച്ച് സ്വയം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അയാളുടെ ശ്രമം തടയുകയായിരുന്നു.
അതേസമയം, ധൂലെയിൽ മന്ത്രി ജയകുമാർ റാവൽ പങ്കെടുത്ത റിപ്പബ്ലിക് ദിന പതാക ഉയർത്തൽ ചടങ്ങിനിടെ സമാനമായ പ്രതിഷേധം നടന്നു. ഷിർപൂരിലെ ഗോശാലകളിൽ നിന്ന് അനധികൃതമായി കന്നുകാലി കടത്തുന്നതിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വവ്ദ്യ പാട്ടീൽ എന്നയാൾ സ്വയം തീകൊളുത്താൻ ശ്രമിച്ചു. സ്വയം തീകൊളുത്താനുള്ള ശ്രമത്തെ തുടർന്നാണ് മുജ്മുലെയെയും പാട്ടീലിനെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
രണ്ടുപേരെയും പിന്നീട് കൗൺസലിങ്ങിന് ശേഷം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.