ചികിത്സാ സഹായത്തിനെന്ന പേരിൽ ഫേസ്ബുക് വഴി പണം തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

ഹൈദരാബാദ്: നിർധന കുടുംബങ്ങൾക്ക് ചികിത്സാ സഹായം നൽകാനെന്ന പേരിൽ ഫേസ്ബുക് വഴി ലക്ഷങ്ങൾ സമാഹരിച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തു. സൽമാൻ ഖാൻ (29), സയീദ് അയൂബ് (31) എന്നിവരാണ് പിടിയിലായത്. 

ഹൈദരാബാദ് യൂത്ത് കറേജ് എന്ന പേരിൽ ഫേസ്ബുക് പേജ് തുടങ്ങിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചികിത്സാ സഹായം ആവശ്യമുള്ളതായി കാണിച്ച് നിരവധി വിഡിയോകൾ പേജിലൂടെ ഇവർ ഷെയർ ചെയ്തിരുന്നു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗുരുതരാവസ്ഥയിലുള്ള ഒരു സ്ത്രീയുടെ വിഡിയോ പോസ്റ്റ് ചെയ്ത് ചികിത്സാ സഹായം നൽകാൻ ഇവർ ആവശ്യപ്പെട്ടിരുന്നു. രോഗിയുടെ ബന്ധുവായ അസ്ര ബീഗത്തിന്‍റെ അക്കൗണ്ട് വിവരങ്ങളും നൽകി. സമൂഹമാധ്യമങ്ങളിലൂടെ മൂന്ന് ദിവസത്തിനകം ലക്ഷക്കണക്കിന് രൂപ ഇവർക്ക് സമാഹരിക്കാൻ സാധിച്ചു. 

എന്നാൽ, ചികിത്സക്കിടെ രോഗി മരിച്ചു. ഇതോടെ സൽമാൻ, അയൂബ്, അസ്ര ബീഗം എന്നിവർ ചേർന്ന് തുക പങ്കിട്ടെടുക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം അസ്ര ബീഗം 15 ലക്ഷം വീതം സൽമാനും അയൂബിനും നൽകി. 

ദിവസങ്ങൾ കഴിഞ്ഞിട്ടും രോഗിയെ കുറിച്ചോ ചികിത്സയെ കുറിച്ചോ വിവരമില്ലാതായതോടെ സംഭാവന നൽകിയവരിൽ ചിലർ പൊലീസിൽ പരാതിപ്പെടുകയും ചന്ദ്രയങ്കുട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സമാനരീതിയിൽ നമ്പള്ളിയിലും ഹുമയൂൺ നഗറിലും ഇവർക്കെതിരെ കേസെടുത്തു. 

തുടർന്നാണ് ബുധനാഴ്ച രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. ചികിത്സാ സഹായം നൽകാനായി രൂപീകരിച്ച എൻ.ജി.ഒയുടെ പ്രസിഡന്‍റാണ് താൻ എന്നാണ് സൽമാൻ അവകാശപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Two men cheat people by collecting donations using Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.