സംസ്ഥാന ബാർ കൗൺസിൽ തെരഞ്ഞെടുപ്പിന് ശേഷം ബി.സി.ഐ പുനഃസംഘടന പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സംസ്ഥാന ബാർ കൗൺസിലുകളുടെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിന് പിന്നാലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) പുനഃസംഘടിപ്പിക്കുന്ന വിഷയം പരിഗണിക്കുമെന്ന് സുപ്രീംകോടതി. ബി.സി.ഐ ചെയർപേഴ്സൺ സ്ഥാനത്ത് സീനിയർ അഭിഭാഷകൻ മനൻ കുമാർ മിശ്ര തുടരുന്നതും അദ്ദേഹത്തിന്റെ കാലാവധി 2030 വരെ നീട്ടിയതും ചോദ്യം ചെയ്ത ഹരജികളിലാണ് കോടതിയുടെ നിർദേശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സംസ്ഥാന ബാർ കൗൺസിലുകളിൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കോടതി നിർദേശം നൽകി. തുടർന്ന് ഒരാഴ്ചക്കകം അന്തിമ ഘടന പ്രസിദ്ധീകരിക്കണമെന്നും അഭിഭാഷക നിയമത്തിലെ സെക്ഷൻ 4(1)(c) പ്രകാരമുള്ള ശേഷിക്കുന്ന നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.

റിപ്പോർട്ടുകൾ ലഭിച്ച ശേഷം 1961ലെ അഭിഭാഷക നിയമത്തിലെ സെക്ഷൻ 4 പ്രകാരം ബി.സി.ഐ പുനഃസംഘടിപ്പിക്കുന്ന വിഷയം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന ബാർ കൗൺസിലുകളിൽ 30 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടികളും കോടതി പരിഗണിച്ചു. വനിതാ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ടുകൾ ലഭിച്ചാൽ ബി.സി.ഐ പുനഃസംഘടനാ വിഷയം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. രണ്ടാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.

Tags:    
News Summary - SC Considers BCI Restructuring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.