ഐസ്ക്രീം ഫ്രീസർ ബോക്സിൽ ഒളിച്ചിരുന്ന രണ്ടു പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു
ബംഗളൂരു: കളിക്കുന്നതിനിടെ വീടിനു സമീപം ഉപയോഗിക്കാതെ കിടന്ന ഐസ്ക്രീം ഫ്രീസർ ബോക്സിൽ ഒളിച്ച രണ്ടു പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചു. മൈസൂരു നഞ്ചൻകോടിലെ മസജെ ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം. നാഗരാജ നായകയുടെ മകൾ ഭാഗ്യ (9), രാജു നായകയുടെ മകൾ കാവ്യ (5) എന്നിവരാണ് മരിച്ചത്. ഉറ്റസുഹൃത്തുക്കളായ ഭാഗ്യയും കാവ്യയും വീടിനടുത്ത മറ്റു കുട്ടികൾക്കൊപ്പം രാവിലെ ഒളിച്ചുകളിക്കുകയായിരുന്നു. ഭാഗ്യയുടെ വീടിനു സമീപം ഐസ്ക്രീം വിൽക്കുന്ന ഉന്തുവണ്ടി നിർത്തിയിട്ടിരുന്നു. ഉടമ ജോലിക്ക് ബംഗളൂരുവിലേക്ക് പോയതോടെയാണ് ഫ്രീസർ ബോക്സ് ഉൾപ്പെടെയുള്ള ഉന്തുവണ്ടി ആറുമാസത്തോളമായി റോഡരികിൽ നിർത്തിയിട്ടിരുന്നത്.
കുട്ടികൾ പലപ്പോഴായി ഫ്രീസർ ബോക്സിന് മുകളിലിരുന്ന് കളിക്കാറുണ്ട്. എന്നാൽ, ബുധനാഴ്ച രാവിലെ ഒളിച്ചുകളിക്കുന്നതിനിടെ ആരും കാണാതിരിക്കാൻ ഭാഗ്യയും കാവ്യയും ഫ്രീസർ ബോക്സിന്‍റെ മൂടി തുറന്ന് അതിനുള്ളിൽ ഒളിച്ചു. എന്നാൽ, മൂടി അടച്ചതോടെ പുറത്തുനിന്നും ലോക്കായി. ഇതോടെ ഇരുവർക്കും പുറത്തുകടക്കാനായില്ലെന്നും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.