മരിച്ചവരൊഴികെ എല്ലാ വോട്ടർമാരെയും വോട്ടർപട്ടികയിൽ തിരിച്ചുചേർക്കണം; എസ്.ഐ.ആറിനെതിരെ ശിവകുമാർ

ബംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറിനെതിരെ കർണാടകയിൽ ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. മരിച്ചവരുടേതൊഴികെ വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ട എല്ലാവർക്കും നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 'ഇപ്പോൾ നടക്കുന്ന എസ്.ഐ.ആർ രീതിയോട് യോജിക്കാനാവില്ല. മരിച്ചവരുടേതൊഴികെ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട എല്ലാ വോട്ടർമാർക്കും നീതി ലഭിക്കണം. നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരും' - ശിവകുമാർ പറഞ്ഞു. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു. എസ്.ഐ.ആറുമായി ബന്ധപ്പെട്ടും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിനെക്കുറിച്ചും ഉയർന്ന ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷന് മറുപടി നൽകാനായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാനി.

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ഖാർഗെ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഇടപെടലിലൂടെ രാജ്യത്ത് തെരഞ്ഞെടുപ്പ് ജനവിധികൾ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. ഫോം 6, ഫോം 7 എന്നിവ സംബന്ധിച്ച നിലപാടിലും പേരുകൾ നീക്കം ചെയ്യാൻ ഉപയോഗിച്ച സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനത്തിലും തെരഞ്ഞെടുപ്പ് കമീഷൻ അഞ്ച് തവണ നിലപാട് മാറ്റിയെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.

ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദും അറിയിച്ചു. നവംബർ ഒന്നിന് രാംലീല മൈതാനത്ത് രാഹുൽ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഇൻഡ്യ സഖ്യ നേതാക്കൾ എന്നിവർ പങ്കെടുത്ത റാലിയുടെ തുടർച്ചയായാണ് ഇന്നത്തെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് ഇൻഡ്യ സഖ്യ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്നത്. വ്യാഴാഴ്ച രാവിലെ 11ന് ആരംഭിച്ച പ്രതിഷേധം ഉച്ച രണ്ടുവരെ നീണ്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. വെള്ളിയാഴ്ച മുതൽ താലൂക്ക്, ബ്ലോക്ക് തലങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ഹരിപ്രസാദ് അറിയിച്ചു.

കോൺഗ്രസ്, സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ) ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, സമാജ്‌വാദി പാർട്ടി തുടങ്ങിയ കക്ഷികൾക്കു പുറമെ വിവിധ പുരോഗമന സംഘടനകളും സാമൂഹിക സംഘടനകളും വിദ്യാർഥി, യുവജന സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ള പ്രമുഖരും വിവിധ ഇടതുപക്ഷ പാർട്ടി നേതാക്കളും പങ്കെടുത്തു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രീഡം പാർക്കിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. 

Tags:    
News Summary - Deleted voters should get justice”: Karnataka CM DK Shivakumar as INDIA bloc protest against SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.