ഒറ്റയടിക്ക് പൊളിക്കുന്നത് 87 റിസോര്‍ട്ടുകള്‍! സത്യമംഗലം കടുവാ സങ്കേതത്തിൽ വന്‍ നടപടിക്ക് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
ചെന്നൈ: തമിഴ്നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം കടുവാ സങ്കേതത്തിനുള്ളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 87 റിസോര്‍ട്ടുകള്‍ ഉടൻ പൂട്ടാനും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും ഉത്തരവിട്ട് മദ്രാസ് ഹൈകോടതി.
ഈറോഡ് ജില്ല കലക്ടര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ കര്‍ശന നിർദേശം. ഈ 87 റിസോര്‍ട്ടുകളില്‍ ഒന്നുപോലും ടൗണ്‍ ആൻഡ് കണ്‍ട്രി പ്ലാനിങ് ഡയറക്ടറേറ്റില്‍ നിന്ന് നിർമാണാനുമതിയോ പ്ലാനിങ് അനുമതിയോ നേടിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് ജസ്റ്റിസ് എന്‍. സതീഷ് കുമാര്‍, ജസ്റ്റിസ് ജി.കെ. മുത്തുകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നടപടിക്ക് ഉത്തരവിട്ടത്.
സാധുവായ ലൈസന്‍സോ സ്റ്റാറ്റ്യൂട്ടറി അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും കണ്ടെത്തി നിയമപ്രകാരം പൂട്ടി സീല്‍ വെക്കണം. ഇത്തരം അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം.
റസിഡന്‍ഷ്യല്‍ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിന് ഹില്‍ ഏരിയ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അനുമതിയും റിസോർട്ടുകൾ നേടിയിരുന്നില്ല. അതുകൊണ്ട് നിയമപരമായ അനുമതികളില്ലാതെ ഈ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
പരിസ്ഥിതിലോല പ്രദേശമായ കടുവാ സങ്കേതത്തിനുള്ളില്‍ നിയമപരമായ അനുമതികളില്ലാതെ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തക ഡോ. ആര്‍. കർപകം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈകോടതി പരിഗണിച്ചത്.
വാദത്തിനിടെ, ഈ റിസോര്‍ട്ടുകളില്‍ രണ്ടെണ്ണം ഹൈകോടതിയുടെ മറ്റൊരു ബെഞ്ചിനെ സമീപിച്ച് പൂട്ടുന്നതിന് ഇടക്കാല സംരക്ഷണം നേടിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു.
വനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്ന ഈ പ്രത്യേക ബെഞ്ചിന്റെ പരിഗണനയില്‍ കേസ് നിലവിലിരിക്കെ, ആ വിവരം മറച്ചുവെച്ചാണ് ഈ സ്ഥാപനങ്ങള്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് ഇടക്കാല ഉത്തരവ് നേടിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയെ കബളിപ്പിക്കുന്ന രീതിയാണ് റിസോര്‍ട്ടുകളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ബെഞ്ച് നിരീക്ഷിച്ചു.
പരസ്പരവിരുദ്ധമായ കോടതി ഉത്തരവുകള്‍ ഒഴിവാക്കുന്നതിനായി, ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ഈ രണ്ട് ഹര്‍ജികളും നിലവിലെ ബെഞ്ചിന് മുന്നിലേക്ക് മാറ്റാന്‍ രജിസ്ട്രറിക്ക് നിര്‍ദ്ദേശം നല്‍കി.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ട കോടതി, കേസ് പരിഗണിക്കുന്നത് നവംബര്‍ 27-ലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.