അറസ്റ്റ് രേഖപ്പെടുത്തിയില്ലെങ്കിലും 24 മണിക്കൂർ കണക്കാക്കണം; കസ്റ്റഡിയും അറസ്റ്റും ഒന്നുതന്നെയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഒരാളെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് കസ്റ്റഡിയിലെടുത്താലും ഭരണഘടന ഉറപ്പുനൽകുന്ന 24 മണിക്കൂർ സമയപരിധി ബാധകമാണെന്ന് സുപ്രീംകോടതി. വ്യക്തിസ്വാതന്ത്ര്യം തടയപ്പെടുന്ന നിമിഷം മുതലാണ് 24 മണിക്കൂർ കണക്കാക്കേണ്ടതെന്നും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്ന സമയം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡിയെന്നും അറസ്റ്റെന്നും വേർതിരിച്ച് ഭരണഘടനാപരമായ സംരക്ഷണം മറികടക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയില്ലെന്നും ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അറസ്റ്റും കസ്റ്റഡിയും തമ്മിൽ കൃത്രിമമായ വ്യത്യാസം സൃഷ്ടിച്ച് 24 മണിക്കൂർ സമയപരിധി നീട്ടാനുള്ള ചില ഹൈകോടതി നിലപാടുകളെയും സുപ്രീംകോടതി വിമർശിച്ചു. ഒരാളുടെ സ്വാതന്ത്ര്യം തടയപ്പെട്ടിട്ടും ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുന്നതുവരെ ഭരണഘടനാപരമായ സംരക്ഷണം ബാധകമാകാത്ത സാഹചര്യം സൃഷ്ടിക്കാനാവില്ല. അറസ്റ്റും കസ്റ്റഡിയും തമ്മിൽ വ്യത്യാസം കൽപ്പിച്ച് ഇടക്കാല സമയപരിധി അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞു.

തെരച്ചിൽ, പിടിച്ചെടുക്കൽ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയെയും 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. ഭരണഘടനയുടെ അനുച്ഛേദം 22(2) ഉറപ്പുനൽകുന്ന സംരക്ഷണം ഇത്തരക്കാർക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ത്രിപുരയിൽ 11.03 കിലോ യാബ ഗുളികകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരമുള്ള കേസിൽ അറസ്റ്റിലായ നാലുപേരുടെ ഹരജികളിലാണ് സുപ്രീംകോടതി ഉത്തരവ്. 2025 സെപ്റ്റംബർ 29ന് ഉച്ചക്ക് രണ്ടിന് പരിശോധനയുടെയും പിടിച്ചെടുക്കൽ നടപടികളുടെയും ഭാഗമായി ഇവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ അടുത്ത ദിവസം രാവിലെ 11 മണിക്കാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.

സെപ്റ്റംബർ 29ന് ഉച്ചക്ക് രണ്ടിന് കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ ഏകദേശം 18 മണിക്കൂറോളം ജുഡീഷ്യൽ മേൽനോട്ടമില്ലാതെ കസ്റ്റഡിയിൽ തുടർന്നത് ഭരണഘടനയുടെ അനുച്ഛേദം 22(2)ന്റെ ലംഘനമാണെന്നും അതിനാൽ ഇവരെ ഉടൻ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു.

 അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ 24 മണിക്കൂറിനകം അടുത്തുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 22(2) നിർദേശിക്കുന്നുണ്ട്. അറസ്റ്റു ചെയ്ത സ്ഥലത്തുനിന്ന് കോടതിയിലേക്കുള്ള യാത്രക്ക് ആവശ്യമായ സമയം മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കാനാവുക. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം യഥാർഥത്തിൽ തടയപ്പെടുന്ന നിമിഷം മുതൽ ഈ സമയപരിധി ആരംഭിക്കുമെന്ന് വ്യക്തമാക്കിയതിലൂടെ, അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്ന സമയം തീരുമാനിച്ച് ജുഡീഷ്യൽ മേൽനോട്ടം വൈകിപ്പിക്കാനുള്ള അന്വേഷണ ഏജൻസികളുടെ അധികാരം സുപ്രീംകോടതി പരിമിതപ്പെടുത്തി.

ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പുള്ള ഹ്രസ്വകാല കസ്റ്റഡി സ്വാതന്ത്ര്യത്തിന്മേലുള്ള താൽക്കാലിക നിയന്ത്രണമാണെന്ന വാദവും കോടതി തള്ളി. അത്തരം വ്യാഖ്യാനം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണം ദുർബലപ്പെടുത്തുമെന്നും നിരീക്ഷിച്ചു.

വാറന്റില്ലാതെ ഒരാളെ കസ്റ്റഡിയിലെടുക്കുന്നത് ന്യായമായ സമയപരിധിക്കുള്ളിലായിരിക്കണമെന്നും കോടതി നിർദേശിച്ചു. കസ്റ്റഡിയിലെടുത്ത വ്യക്തിയെ ഹാജരാക്കുന്ന മജിസ്‌ട്രേറ്റ്, അയാളുടെ വ്യക്തിസ്വാതന്ത്ര്യം തടയപ്പെട്ട കൃത്യമായ തീയതിയും സമയവും ഉത്തരവിൽ രേഖപ്പെടുത്തണം. 24 മണിക്കൂർ സമയപരിധി പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം. ലംഘനം കണ്ടെത്തിയാൽ വ്യക്തിയെ വിട്ടയക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Tags:    
News Summary - Supreme Court ends distinction between detention and arrest, says 24-hour clock starts when liberty is curtailed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.