രത്‌ന സിങ് 

സിജെപിയുടെ രത്ന സിങ്ങിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി; അനുമതി നൽകി ഡൽഹി സർക്കാർ അഭിഭാഷകൻ

ന്യൂഡൽഹി: സാകേത് കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി(സിജെപി) നിയമവിഭാഗം മേധാവി രത്ന സിങ്ങിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ ഡൽഹി സർക്കാർ നിയമ ഉദ്യോഗസ്ഥൻ അനുമതി നൽകി.

നവംബർ 2ന് സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിങ് കൗൺസൽ അമുൽ സിൻഹ അഭിഭാഷകൻ കൗശിക് ചാറ്റർജിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകൻ ചൂണ്ടിക്കാട്ടിയ രത്ന സിങ്ങിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ജുഡീഷ്യൽ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നതാണെന്നും നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനവിശ്വാസം തകർക്കാൻ ഇടയാക്കുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്ക് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നത് തടയുകയും നിയമവിരുദ്ധമായി തടങ്കലിൽ വെക്കുകയും ചെയ്തെന്നാരോപിച്ച് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിങ് ഡൽഹി കോടതിയെ സമീപിച്ചു.

കോടതിയുടെ തീരുമാനത്തിന് പിന്നാലെ, നടപടിക്രമങ്ങൾക്കിടെ മജിസ്‌ട്രേറ്റിന്റെ പെരുമാറ്റത്തെക്കുറിച്ച് സിങ് ആരോപണങ്ങൾ ഉന്നയിച്ചതായി കൗശിക് ചാറ്റർജിയുടെ നിവേദനത്തിൽ പറയുന്നു. ‘ആരോപണങ്ങളുടെ പ്രാഥമിക സ്വഭാവം വിലയിരുത്തുന്നതിൽ മാത്രമാണ് നിലവിലെ അഭിപ്രായം പരിമിതപ്പെടുത്തിയിരിക്കുന്നത്. ക്രിമിനൽ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമായി ഇതിനെ കാണരുത്. ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സ്വതന്ത്ര പരിഗണനക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക’ -സിൻഹ പറഞ്ഞു.

കോടതിയലക്ഷ്യ നിയമത്തിലെ 15(2) വകുപ്പ് പ്രകാരം, കീഴ്‌ക്കോടതിയുമായി ബന്ധപ്പെട്ട ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ഹൈക്കോടതിയിൽ ആരംഭിക്കുന്നതിന് മുമ്പ്, ഇതിനായി ചുമതലപ്പെടുത്തിയ നിയമ ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമാണ്. സാകേത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സ്വതന്ത്രമായി തീരുമാനമെടുക്കാതെ പുറത്തുനിന്നുള്ള ഒരാളുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന സിങ്ങിന്റെ ആരോപണങ്ങളാണ് ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് പ്രധാന കാരണമായത്.

സിജെപി സഹ കൺവീനർമാരായ സൗരവ് ദാസിനെയും ആശുതോഷ് റങ്കയെയും റിമാൻഡ് ചെയ്ത സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ കുറിച്ച് സിങ് നടത്തിയ മറ്റൊരു പരാമർശവും ചാറ്റർജിയുടെ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊലീസിനെയും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെയും കുറിച്ചുള്ള സിങിന്റെ മറ്റ് പരാമർശങ്ങൾ ഇതിൽനിന്ന് വേറിട്ടാണ് പരിശോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Delhi Govt Lawyer Grants Consent for Criminal Contempt Proceedings Against CJP’s Ratna Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.