ഡൽഹിയിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നു വീണു; രണ്ടു മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: ഓൾഡ് ഡൽഹിയിലെ ചാവാരി ബസാറിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നു വീണ് രണ്ടുപേർ മരിച്ചു. നിരവധി പേർ ഇപ്പോഴും കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9.50 ഓടെ ചാവാരി ബസാർ മെട്രോ സ്റ്റേഷന് സമീപമുള്ള ഗലി സിത്താരയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ഡൽഹി ഫയർ സർവീസസ് സംഘം നടത്തിയ ആദ്യഘട്ട തെരച്ചിലിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തു. ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് തന്നെ പരിക്കേറ്റ നാലുപേരെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

അവശിഷ്ടങ്ങൾക്കിടയിൽ 15-ലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

അപകടവിവരം ലഭിച്ചയുടൻ ഫയർ ടെൻഡറുകളും അത്യാഹിത വിഭാഗ വാഹനങ്ങളും ഉൾപ്പെടെ ആറിലധികം ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 15-ലധികം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഡൽഹി ഫയർ സർവീസ്, ഡൽഹി പൊലീസ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. രണ്ടുമാസം മുൻപ് സെപ്റ്റംബർ 6-ന് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർഥികളുടെ പി.ജി ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന അഞ്ചുനില കെട്ടിടം തകർന്ന് ഏഴുപേർ മരിച്ചിരുന്നു. തലസ്ഥാന നഗരിയിലെ അനധികൃതവും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങൾക്കെതിരെ കർശന പരിശോധന നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചാവാരി ബസാറിലും സമാനമായ ദുരന്തം ആവർത്തിക്കുന്നത്.

'സേഫ്റ്റി ഓഡിറ്റിന്റെ മറവിൽ വ്യാപക കോഴ'; രേഖ ഗുപ്ത സർക്കാരിനെതിരെ സൗരഭ് ഭരദ്വാജ്

ചാവാരി ബസാർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭരണകൂടത്തിനെതിരെയും മുനിസിപ്പൽ കോർപ്പറേഷനെതിരെയും രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് രംഗത്തെത്തി. 'ചാവാരി ബസാറിൽ വീണ്ടും മൂന്നുനില കെട്ടിടം തകർന്നു വീണിരിക്കുന്നു. രേഖ ഗുപ്ത സർക്കാരും എം.സി.ഡിയും ഡൽഹിയിലെ കെട്ടിടങ്ങളിൽ നിരന്തരം സേഫ്റ്റി ഓഡിറ്റുകൾ നടത്തിയിട്ടും എന്തുകൊണ്ടാണ് എല്ലാ മാസവും കെട്ടിടങ്ങൾ തകർന്നുവീഴുന്നത്'? ഭരദ്വാജ് 'എക്സി'ൽ കുറിച്ചു.

പരിശോധനകളുടെ പേരിൽ യഥാർത്ഥ നടപടികൾ സ്വീകരിക്കുന്നതിന് പകരം വിവിധ വകുപ്പുകൾ കോടികളുടെ കൈക്കൂലി പിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 'നേരത്തെ പൊലീസും എം.സി.ഡിയും മാത്രമാണ് പണം വാങ്ങിയിരുന്നതെങ്കിൽ, ഇപ്പോൾ ഫയർ ഡിപ്പാർട്ട്‌മെന്റും എസ്.ഡി.എംമാരും കെട്ടിട ഉടമകളിൽ നിന്ന് വ്യാപകമായി പണം പിരിക്കുന്നു. കോഴ നൽകാത്തവരെ എം.സി.ഡി സീൽ ചെയ്യുകയും പണം നൽകുന്നവർക്ക് അനധികൃതമായി അനുമതി നൽകുകയും ചെയ്യുന്നു,' അദ്ദേഹം ആഞ്ഞടിച്ചു. ജി.കെ-2 മാർക്കറ്റിൽ ചില ജിമ്മുകൾ മാത്രം തിരഞ്ഞുപിടിച്ച് പൂട്ടിയ നടപടിയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Old Delhi Building Collapse: 2 Dead, Several Trapped in Chawri Bazaar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.