റായ്പുർ: ഛത്തിസ്ഗഢിൽ റോഡ് നിർമാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയതിന് പിന്നാലെ, ഇതേ അഴിമതിക്ക് രണ്ട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സബ് ഡിവിഷനൽ ഓഫിസർ ആർ.കെ. സിൻഹ, സബ് എൻജിനീയർ ജി.എസ്.കൊടോപ്പി എന്നിവർക്കാണ് സസ്പെൻഷൻ. മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രകർ ആണ് അഴിമതി വാർത്തയാക്കിയതിന് ഈ മാസമാദ്യം ക്രൂരമായി കൊല്ലപ്പെട്ടത്. തുടർന്നാണ് സർക്കാർ ക്രമക്കേടുകളും അഴിമതികളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കരാറുകാരനെയും മൂന്നു സഹായികളെയും അറസ്റ്റ് ചെയ്തിരുന്നു.
ബീജാപൂർ ജില്ലയിലെ 52.4 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമാണത്തിലാണ് കോടികളുടെ ക്രമക്കേട് നടന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശമൂലം കോടികൾ പാഴാക്കിയതിന് തെളിവ് കണ്ടെത്തി. തെറ്റായ റിപ്പോർട്ടുകൾ സമർപ്പിച്ചതിനും കരാറുകാരനും നിർമാണ ഏജൻസിയുമായുള്ള ബന്ധത്തിലെ അഴിമതിക്കും തെളിവുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി അരുൺ സാവോ പറഞ്ഞു. അന്നത്തെ എക്സിക്യൂട്ടിവ് എൻജിനീയറായിരുന്ന ബി.എൽ ധ്രുവ്, സബ് ഡിവി. ഓഫിസർ ആർ.കെ. സിൻഹ, സബ് എൻജി. ജി.എസ്. കൊടോപ്പി എന്നിവർക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം പരാതി നൽകാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.