ചെന്നൈ: ചെന്നൈയിൽ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകനായ 43കാരന്‍ അറസ്റ്റിൽ. പാവു ദിനേശ് എന്ന് വിളിക്കുന്ന ദിനേശ് എന്നയാളെയാണ് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. ചെന്നൈ മൈലാപ്പൂർ സ്വദേശിയായ പെൺകുട്ടി ആർ.കെ. നഗർ നിയോജകമണ്ഡലത്തിലെ കാസിമേട് സിംഗാരവേലൻ നഗറിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു. കുട്ടി പുറത്ത് കളിച്ചുകൊണ്ടിരുന്ന സമയത്ത് പ്രദേശത്ത് താമസിക്കുന്ന പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുയിരുന്നു. പിന്നീട് വീട്ടിലെത്തിയ കുട്ടി തന്റെ ബന്ധുവിനോട് കാര്യങ്ങൾ തുറന്നു പറയുകയും തുടർന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.
മെയ് മൂന്നിനാണ് കാസിമേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയുള്ള അതിക്രമമായതിനാൽ പോക്സോ ആക്ട് പ്രകാരം കേസെടുക്കുകയും കൂടുതൽ അന്വേഷണത്തിനായി പ്രതിയെ റോയപുരം വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. മെയ് നാലിന് പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം ശ്രമിച്ചെങ്കിലും ആർ.കെ. നഗർ മണ്ഡലത്തിലെ ടി.വി.കെ സ്ഥാനാർഥിയെ പിന്തുണച്ച് വോട്ടെണ്ണൽ കേന്ദ്രത്തിൽ ആയിരുന്നതിനാൽ പിടികൂടാനായില്ല. എന്നാൽ അന്നേ ദിവസം രാത്രിയോടെ ഇയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിനും കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.