'നാളത്തെ പ്രധാനമന്ത്രി വിജയ്'; തമിഴ്‌നാട്ടിൽ പോസ്റ്ററുകൾ; ഫാൻസ് മനോഭാവം മാറിയിട്ടില്ലെന്ന് കോൺഗ്രസ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ സി. ജോസഫ് വിജയ്‌യെ രാജ്യത്തിന്റെ 'ഭാവി പ്രധാനമന്ത്രി'യായി ഉയർത്തിക്കാട്ടി തമിഴ്‌നാട്ടിൽ വ്യാപക പ്രചാരണം. തൂത്തുക്കുടിയിലാണ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി വിശേഷിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, സഖ്യകക്ഷിയായ കോൺഗ്രസ് ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
എ.ഐ.എ.ഡി.എം.കെ വിട്ട് അടുത്തിടെ ടി.വി.കെയിൽ ചേർന്ന സുധാകർ എന്ന പ്രാദേശിക നേതാവാണ് തൂത്തുക്കുടിയിൽ പോസ്റ്ററുകൾ സ്ഥാപിച്ചത്. വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിന് തമിഴ്നാട് കായിക മന്ത്രി ആദവ് അർജുന കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മണ്ഡല പുനർനിർണയത്തെ എതിർത്തുകൊണ്ടുള്ള പ്രമേയത്തെ പിന്തുണച്ച മന്ത്രി ആദവ് അർജുന, ഉത്തരേന്ത്യൻ ആധിപത്യം അവസാനിപ്പിക്കണമെന്നും ദക്ഷിണേന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ നിന്ന് ഒരാൾ പ്രധാനമന്ത്രിയാകണമെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരും വിജയ്‌യെ രാജ്യത്തെ നയിക്കാൻ കഴിവുള്ള നേതാവായി ഉറ്റുനോക്കുകയാണെന്ന് മുതിർന്ന ടി.വി.കെ നേതാവ് കെ.എ ചെങ്കോട്ടയ്യൻ അഭിപ്രായപ്പെട്ടു. മന്ത്രി ഡി. ശരത്കുമാറും വിജയ്‌യെ അടുത്ത പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചിരുന്നു. ഭാവിയിൽ വിജയ് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുമെന്ന് ടി.വി.കെ എം.എൽ.എ കല്ലണൈയും പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, വിജയ്‌യുടെ ദേശീയ രാഷ്ട്രീയ മോഹങ്ങളിൽ സഖ്യകക്ഷിയായ കോൺഗ്രസിന് കടുത്ത അതൃപ്തിയുണ്ട്. ടി.വി.കെ നേതാക്കൾ ഇപ്പോഴും 'ഫാൻ ക്ലബ്' മനോഭാവത്തിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് ടി.എൻ.സി.സി അധ്യക്ഷനും എം.പിയുമായ ബി. മാണിക്കം ടാഗോർ പരിഹസിച്ചു. പാർട്ടി അണികൾക്ക് നേതാവിനോട് സ്നേഹവും ആരാധനയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ പ്രധാനമന്ത്രിയാകാൻ 272 എം.പിമാരുടെ പിന്തുണ വേണമെന്ന ഭരണഘടനാപരമായ യാഥാർഥ്യം അവർ മനസിലാക്കണമെന്നും കോൺഗ്രസ് എം.പി കാർത്തി ചിദംബരം പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്നും ടി.വി.കെ നേതാക്കൾ തമിഴ്നാടിന്റെ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് എം.പി പി. ജ്യോതിമണി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ അധികാരത്തിലെത്തിയപ്പോൾ ആദ്യം പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസ് ആയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ വിജയ് ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയെ ആണെന്നും കോൺഗ്രസ് നേതാക്കൾ ഓർമ്മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.