അഹമ്മദാബാദ്: നോബൽ സമാധാന പുരസ്കാര ജേതാവ് മലാല യൂസഫ് സായിയുടെയും ആൻ ഫ്രാങ്കിന്റെയും പുസ്തകങ്ങൾ പൊതുപാർക്കിൽ വായിച്ചിരുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമിച്ചതായി പരാതി. മാലാലയുടെ പുസ്തകങ്ങളിൽ “ഇന്ത്യാവിരുദ്ധ ആശയങ്ങൾ” ഉണ്ടെന്നാണ് സംഘപരിവാർ അനുബന്ധ സംഘടനയായ ബജ്റംഗ് ദളിന്റെ ആരോപണം.
അഹമ്മദാബാദിലെ വസ്ത്രാപൂർ പ്രദേശത്തെ ഒരു പാർക്കിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.വായനക്കാരുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ വ്യവസായി ജയ് താക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ.
ബജ്റംഗ് ദളിന്റെ പേര് എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടില്ലെങ്കിലും ഹിരൺ റബാരി, ജിമിത് റബാരി എന്നി രണ്ട് ബജ്റംഗ് ദൾ നേതാക്കമാർ ഉൾപ്പെടെ 18 പേരെ പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിൽ പങ്കെടുത്തവർ കാവി ഷാളുകൾ ധരിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നത്.
സോഷ്യൽ മീഡിയയിലൂടെ സംഘടിപ്പിച്ച വായനാ പരിപാടിക്കായി വിദ്യാർത്ഥികളും യുവാക്കളും പാർക്കിൽ ഒത്തുകൂടിയിരുന്നു. വൈകിട്ട് ആറുമണിയോടെ വടികളുമായി എത്തിയ ഒരു സംഘം മാലാലയുടെ പുസ്തകം എന്തിന് വായിക്കുന്നുവെന്ന് ചോദ്യം ചെയ്യുകയും തുടർന്ന് ആക്രമണം നടത്തുകയുമായിരുന്നുവെന്നാണ് പരാതി.
ചിലരെ മർദിക്കുകയും സ്ത്രീകളെ അപമാനിക്കുകയും പുസ്തകങ്ങൾ വായിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, കശ്മീർ വിഷയത്തിൽ മലാല യൂസഫ്‌സായി ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അതിനാലാണ് അവരുടെ പുസ്തകവായനയെ എതിർക്കുന്നതെന്നും ബജ്റംഗ് ദളിന്റെ പ്രാദേശിക നേതാവ് ജ്വലിത് മെഹ്ത വീഡിയോ പ്രസ്താവനയിൽ പറയുന്നു.
ഇതിന് മുമ്പ് അഹമ്മദാബാദിലെ ഒരു സ്വകാര്യ സ്കൂളിൽ മലാലയുടെ ആത്മകഥയായ I Am Malala: The Girl Who Stood Up for Education and Was Shot by the Taliban എന്ന പുസ്തകവും ഹോളോകോസ്റ്റ് കാലത്തെ അനുഭവങ്ങൾ വിവരിക്കുന്ന ആൻ ഫ്രാങ്കിന്റെ The Diary of a Young Girl എന്ന കൃതിയും ലൈബ്രറിയിൽ ഉൾപ്പെടുത്തിയതിനെതിരെ ചില രക്ഷിതാക്കളും ഹിന്ദുത്വ സംഘടനകളും പ്രതിഷേധം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.