ഭോപ്പാൽ: ഓപറേഷൻ സിന്ദൂറിനിടെ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഫോൺ കോളിനെ തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭോപ്പാലിൽ കോൺഗ്രസിന്റെ ‘സംഗതൻ ശ്രിജൻ അഭിയാൻ’ കാമ്പയ്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പിയെയും ആർ.എസ്.എസിനെയും എനിക്ക് നന്നായി അറിയാം. അവരുടെ മേൽ അൽപം സമ്മർദ്ദം ചെലുത്തുകയോ ചെറിയ തള്ള് കൊടുക്കുകയോ ചെയ്താൽ അവർ ഭയന്നോടും. ട്രംപ് ഇതിന്റെ ഒരു സിഗ്നൽ നൽകിയിട്ടുണ്ട്. ഫോൺ എടുത്ത്, 'മോദി ജി, നിങ്ങൾ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങുക' എന്ന് പറഞ്ഞു. ‘ശരി, സർ’ എന്ന് പറഞ്ഞ് നരേന്ദ്ര മോദി ട്രംപിന്റെ സിഗ്നൽ അനുസരിച്ചു’ -രാഹുൽ ഗാന്ധി പരിഹസിച്ചു.
ഫോൺ കോൾ ഇല്ലാത്ത ഒരു കാലം - 1971 ലെ യുദ്ധത്തിൽ യു.എസിന്റെ ഏഴാം കപ്പൽപ്പട വന്ന കാലം - ഇവിടെ കൂടിയിരുന്ന പലർക്കും ഓർമയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ആയുധങ്ങൾ എത്തി, ഒരു വിമാനവാഹിനിക്കപ്പൽ വന്നു. എന്നാൽ, ഇന്ദിരാഗാന്ധി പറഞ്ഞു: 'എനിക്ക് ചെയ്യേണ്ടത് ഞാൻ ചെയ്യും' എന്ന്. അതാണ് വ്യത്യാസം. അതാണ് സ്വഭാവം. ഇവരെല്ലാം ഇങ്ങനെയാണ്. ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ -അവർ കീഴടങ്ങിയവരല്ല. അവർ വൻശക്തികളെ എതിർത്തവരായിരുന്നു. എന്നാൽ, സ്വാതന്ത്ര്യലബ്ധി മുതൽ കീഴടങ്ങൽ കത്തുകൾ എഴുതുന്ന ശീലം അവർക്കുണ്ട്...’ -ആർ.എസ്.എസിനെക്കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
ഭരണകക്ഷിയായ ബി.ജെ.പി സർക്കാർ സമ്മർദത്തിന് വഴങ്ങിയതിന്റെ മറ്റൊരു ഉദാഹരണമാണ് ജാതി സെൻസസ് നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. "ജാതികളില്ലെന്ന് മോദി പറയാറുണ്ടായിരുന്നു. പിന്നെ നാല് ജാതികൾ മാത്രമേയുള്ളൂ എന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പെട്ടെന്ന് ഒ.ബി.സി ആയി. എന്നാൽ, ഗഡ്കരിയും മോഹൻ ഭഗവതും ഓരോ പ്രസ്താവന നടത്തി. അവർ ചെറിയ സമ്മർദ്ദം ചെലുത്തി. അതോടെ സർക്കാർ പൂർണമായും കീഴടങ്ങി. എങ്കിലും ഇവരുടെ കൈയിലിരിപ്പ് നമുക്കറിയാം. പത്ത് വർഷം പിന്നിട്ടിട്ടും അവർ വനിത സംവരണം നടപ്പാക്കാത്തത് പോലെ തന്നെയാണ് ഇക്കാര്യത്തിലും സംഭവിക്കുക. അവർ ജാതി സെൻസസ് നടത്താൻ ആഗ്രഹിക്കുന്നില്ല. സമ്മർദ്ദത്തിന് വഴങ്ങി സെൻസസ് നടത്തുമെന്ന് പറഞ്ഞെന്നേയുള്ളൂ. അവർ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കാരണം, അവർക്ക് ഈ രാജ്യത്ത് നീതി നടപ്പാക്കാൻ ആഗ്രഹമില്ല. അവർക്ക് അംബാനിമാരുടെയും അദാനിമാരുടെയും രാജ്യമാണ് വേണ്ടത്. ശതകോടീശ്വരന്മാരുടെ രാജ്യം വേണം. എന്നാൽ, സാമൂഹിക നീതിയുള്ള ഒരു രാജ്യം വേണ്ട’ -രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.