ത്രിപുരയിൽ മുസ്‍ലിംകളുടെ ശ്മശാനം കൈയേറി ശിവക്ഷേത്രം സ്ഥാപിച്ചു; പ്രതിഷേധം തുടരുന്നു, 144 പ്രഖ്യാപിച്ചു

അഗർത്തല: ത്രിപുരയിലെ നന്ദൻനഗർ തന്ദ കാലിബാരി ഭാഗത്തെ മുസ്‍ലിംകളുടെ ശ്മശാനം കൈയേറി ശിവക്ഷേത്രം സ്ഥാപിച്ചതായി ആരോപണം. ശിവക്ഷേത്രം മാറ്റി ശ്മശാനം തങ്ങൾക്ക് കൈമാറണമെന്നാണ് മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സ്ത്രീകളടക്കമുള്ള സമരക്കാർ ജി.ബി ബൈപാസ് റോഡ് ഉപരോധിച്ചിരിക്കയാണ്. സംഘർഷം തടയാൻ ഇവിടെ ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ144 പ്രഖ്യാപിച്ചിരിക്കയാണ് പ്രാദേശിക ഭരണകൂടം. തലസ്ഥാനമായ അഗർത്തലയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.

ഏതാനും ഹിന്ദു യുവ ബഹിനി പ്രവർത്തകരാണ് ശ്മശാനത്തിന്റെ ഒരു ഭാഗത്ത് കഴിഞ്ഞ ദിവസം ശിവക്ഷേത്രമുണ്ടാക്കിയതെന്നാണ് ആരോപണം. ഏതാനും വർഷങ്ങളായി ഒരു വിഭാഗം ആളുകൾ നിയമവിരുദ്ധമായി ശ്മശാനം കൈയേറിയിരിക്കയാണെന്ന് പ്രതിഷേധക്കാരിലൊരാളായ നൂർ ഇസ്‍ലാം ആരോപിച്ചു. 2019 മുതൽ ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഭൂമിയുടെ അതിർത്തി നിർണയം ഉടൻ നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടെയാണ് ഒരു വിഭാഗം ആളുകൾ ശ്മശാനം കൈയേറി ശിവലിംഗം സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ മതസാമുദായിക ഐക്യം തകർക്കാനുള്ള നീക്കമാണിതെന്നും നുർ ഇസ്‍ലാം പറഞ്ഞു.

സാദർ സബ് മജിസ്ട്രേറ്റ് ആഷിം സഹയാണ് 144 പ്രഖ്യാപിച്ചത്. ഉത്തരവ് ലംഘിക്കുന്നവരെ 188 വകുപ്പ് പ്രകാരം ശിക്ഷിക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതിനിടെ, കഴിഞ്ഞ ദിവസം അർധരാത്രി ഹിന്ദു തീവ്രവലതുപക്ഷ വിഭാഗക്കാർ തങ്ങളുടെ ശ്മശാനം കൈയേറിയതിനെതിരെ ത്രിപുരയിലെ മുസ്‍ലിംകൾ പ്രതിഷേധിക്കുകയാണെന്ന് പ്രമുഖ അക്കാഡമിക്കും യുനെസ്കോ ചെയർപേഴ്സണും പ്രഫസറുമായ അശോക് സ്വെയ്ൻ ട്വീറ്റ് ചെയ്തു. അവർ ഒരിക്കലും മുസ്‍ലിംകളെ സമാധാനപരമായി ജീവിക്കാനോ മരിക്കാനോ അനുവദിക്കില്ലെന്നും അശോക് സ്വെയ്ൻ കുറ്റപ്പെടുത്തി. 

Tags:    
News Summary - Tripura: Section 144 imposed in Nandannagar after communal row erupts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.