ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് ധര്‍ണ നടത്തിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് എം.പിമാർക്ക് അമിത് ഷായുമായി കൂടിക്കാഴ്ചക്ക് അനുമതി. വൈകീട്ട് നാലു മണിക്ക് അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുക.
ഉച്ചയോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് തൃണമൂൽ എം.പിമാർ ധര്‍ണ നടത്തിയത്. ത്രിപുരയിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ധർണ.
ത്രിപുരയില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ സ്ഥിരമായി ആക്രമിക്കപ്പടുന്ന സാഹചര്യത്തില്‍ അമിത് ഷായെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ തൃണമൂല്‍ എം.പിമാര്‍ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. ഡെറിക് ഒബ്രിയാൻ, സുഖേന്ദു ശേഖർ റോയ്, കല്യാൺ ബാനർജി, സൗഗത റോയ്, ഡോല സെൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തിയത്.
ബംഗാളി സിനിമ താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സായോണി ഘോഷിനെ കഴിഞ്ഞ ദിവസം ത്രിപുരയില്‍ അറസ്റ്റ് ചെയ്തിരുന്നു. സയോണിയെ അഗർത്തലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് തൃണമൂലിന്റെ ആരോപണം. സയോണിക്കൊപ്പമുണ്ടായിരുന്ന സുസ്മിത ദേബ് എം.പി, കുണാല്‍ ഘോഷ്, സുബല്‍ ഭൗമിക് എന്നിവര്‍ക്കും മര്‍ദനമേറ്റതായി പാര്‍ട്ടി ആരോപിച്ചു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പൊതുയോഗം അലങ്കോലപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.