ന്യൂഡൽഹി: സാമൂഹിക ആവശ്യങ്ങൾക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 1.07 കോടിയിലധികം രൂപ തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ ആഡംബര ജീവിതത്തിനും മറ്റ് വ്യക്തിഗത ചെലവുകൾക്കും ഉപയോഗിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയുടെ സഹായി പണമായി നൽകിയ 23 ലക്ഷം രൂപ ഉൾപ്പെടെയാണ് തിരിമറി ചെയ്തത്.
2019-2022 കാലയളവിൽ സാകേത് ക്രൗഡ് ഫണ്ടിങ്ങിലൂടെ 1.07 കോടി രൂപ സമാഹരിക്കുകയും ഭക്ഷണം, മദ്യപാനം, മറ്റ് വ്യക്തിഗത ചെലവുകൾ എന്നിങ്ങനെ സ്വരൂപിച്ച തുക ധൂർത്തടിക്കുകയും ചെയ്തുവെന്നാണ് ഇ.ഡിയുടെ ആരോപണം. സബർമതി ജയിലിൽ നിന്ന് 35 കാരനായ സാകേതിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഏജൻസി ഗുജറാത്ത് കോടതിയിൽ വാദമുന്നയിച്ചത്.
ക്രൗഡ് ഫണ്ടിങ്ങിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസംബറിൽ മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് തവണ ഇദ്ദേഹത്തെ ഗുജറാത്ത് പൊലീസ് അറസ്ററ് ചെയ്തിരുന്നു. പ്രത്യേക കോടതി സാകേതിനെ ജനുവരി 31 വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു.
അന്വേഷണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ ഇ.ഡി വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനാൽ ഇ.ഡിക്ക് മുമ്പാകെ ഹാജരാകാൻ അലങ്കാർ സവായ് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിന് അലങ്കാർ സവായ് തനിക്ക് 23.54 ലക്ഷം രൂപ നൽകിയതായി ചോദ്യം ചെയ്യലിൽ സാകേത് ഗോഖലെ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അലങ്കാൻ തുക പണമായി നൽകിയതെന്ന ചോദ്യത്തിന് അത് അദ്ദേഹത്തിന് മാത്രമേ അറിയൂവെന്നായിരുന്നു സാകേതിന്റെ മറുപടി. മുൻ ബാങ്കറായ സവായ്, രാഹുൽ ഗാന്ധിയുടെ അടുത്ത സഹായിയും അദ്ദേഹത്തിന്റെ ഗവേഷണ സംഘത്തിന്റെ തലവനുമാണ്.
സാകേത് ജയന്റ് ട്രീ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി മുഖേന പരാതിക്കാരനിൽ നിന്നും മറ്റ് വ്യക്തികളിൽ നിന്നും പണം ശേഖരിച്ച് 'അവർഡെമോക്രസി.ഇൻ' എന്ന ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ വ്യാജ ഇലക്ട്രോണിക് രേഖ തയാറാക്കിയതായി ഏജൻസി കോടതിയെ അറിയിച്ചു.
സാകേത്, ഊഹക്കച്ചവടം, ഓഹരി വ്യാപാരം, ആഡംബര ജീവിതം, മറ്റ് വ്യക്തിഗത ചെലവുകൾ എന്നിവക്കായി പണം ചെലവഴിച്ചു. എന്നാൽ ആരോപണങ്ങൾ സാകേത് നിഷേധിച്ചു. ഫണ്ട് ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അതിനാൽ വീണ്ടും പണം സ്വരൂപിക്കേണ്ടിവരില്ലെന്നും അസാകേത് പറഞ്ഞു. അന്വേഷണത്തിന് സാകേത് സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.