ഒരു വനിതയെ ബി.ജെ.പി ഇത്രമാത്രം ഭയപ്പെടുന്നതെന്തിനെന്ന് തൃണമൂല്‍ കോൺഗ്രസ് മന്ത്രി ശശി പാഞ്ച


കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. മുഖ്യമന്ത്രി മമത ബാനർജിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള വൻനിരയാണ് ബംഗാളിൽ തമ്പടിച്ചിരിക്കുന്നതെന്ന് തൃണമൂല്‍ കോൺഗ്രസ് മന്ത്രി ശശി പാഞ്ച. 12 ബി.ജെ.പി മുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ, കേന്ദ്രമന്ത്രിമാർ എന്നിവരടങ്ങുന്ന വൻ പ്രചാരണ സംഘമാണ് ബി.ജെ.പിക്കായി രംഗത്തുള്ളത്.

ബംഗാളിലെ ബിജെപി നേതൃത്വം പൂർണ പരാജയമാണെന്നും അതുകൊണ്ടാണ് കേന്ദ്രനേതൃത്വത്തിന് ഇവിടെ നേരിട്ട് ഇറങ്ങേണ്ടി വരുന്നത്. ഒരു വനിതയെ ബി.ജെ.പി ഇത്രമാത്രം ഭയപ്പെടുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. എസ്.ഐ.ആർ വഴി വോട്ട് വെട്ടിമാറ്റിയ ശേഷമാണ് ബി.ജെ.പി ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അവർ ആരോപിച്ചു.

അതേസമയം, ബി.ജെ.പിയുടെ കേന്ദ്ര പടയെ നേരിടാൻ കോൺഗ്രസിതര ‘ഇൻഡ്യാ’ സഖ്യ നേതാക്കളെയാണ് മമത ബാനർജി രംഗത്തിറക്കിയിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബീഹാറിൽനിന്നുള്ള തേജസ്വി യാദവ്, യു.പിയിൽ നിന്നുള്ള അഖിലേഷ് യാദവ് എന്നിവർ മമതക്കായി പ്രചാരണത്തിനിറങ്ങും.

ബംഗാൾ വിജയത്തിന് ശേഷം തന്റെ അടുത്ത ലക്ഷ്യം ഡൽഹിയായിരിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു. ബി.ജെ.പി പശ്ചാത്തലമുള്ളവരെ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ പട്ടിക തയ്യാറാണെന്നും അവർ മുന്നറിയിപ്പ് നൽകി. ‘ബംഗാളിലാണ് ഞാൻ ജനിച്ചത്, ഇവിടെ തന്നെ മരിക്കും. അനീതിക്കെതിരായ പോരാട്ടത്തിൽ ഞങ്ങളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല’-മമത വ്യക്തമാക്കി.ബംഗാൾ പിടിച്ചടക്കിയ ശേഷം ഡൽഹി കീഴടക്കുമെന്ന മമതയുടെ പ്രഖ്യാപനം വരാനിരിക്കുന്ന ദേശീയ രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Trinamool Congress Minister Shashi Pancha asks why BJP is so afraid of a woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.