ഹൈദരാബാദ്: ഭിന്നലിംഗ വിവാഹം ചെയ്ത ട്രാൻസ് ജെൻഡർ യുവതിക്ക് ഗാർഹിക പീഡന പരാതി നൽകാൻ അവകാശമുണ്ടെന്ന് ആന്ധ്ര പ്രദേശ് ഹൈകോടതി. ഇന്ത്യൻ പീനൽ കോഡിലെ (ഐ.പി.സി) സെക്ഷൻ 498 എ പ്രകാരം യുവതിക്ക് ഭർത്താവിൽ നിന്നോ ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നോ മർദനത്തിനിരയായാൽ പരാതി നൽകാൻ അർഹതയുണ്ടെന്നാണ് കോടതി വിധി. അത്തരം സംരക്ഷണം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ബാധകമല്ലെന്ന വാദം കോടതി തള്ളി. ജസ്റ്റിസ് വെങ്കട ജ്യോതിർമയി പ്രതാപയാണ് വാദം തള്ളിയത്.
2019ലാണ് ട്രാൻസ് യുവതിയായ പൊകല സബാന തന്‍റെ ഭർത്താവ് വിശ്വനാഥൻ കൃഷ്ണ മൂർത്തിക്കും കുടുംബത്തിനുമെതിരെ കേസ് ഫയൽ ചെയ്തത്. 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 498എ, സെക്ഷൻ 4 (സ്ത്രീധനം ആവശ്യപ്പെട്ടതിന് ശിക്ഷ) എന്നിവ പ്രകാരമുള്ള ഹരജിയിൽ ജൂൺ 16നായിരുന്നു വിധി. പ്രസവിക്കാൻ കഴിയാത്തതിനാൽ ട്രാൻസ്‌ജെൻഡർ സ്ത്രീയെ 'സ്ത്രീ' ആയി കണക്കാക്കാൻ കഴിയില്ലെന്നും അതിനാൽ സെക്ഷൻ 498എ പ്രകാരമുള്ള സംരക്ഷണം യുവതിക്ക് നൽകാൻ കഴിയില്ലെന്നുമായിരുന്നു വിശ്വനാഥന്‍റെ വാദം.
എന്നാൽ പ്രത്യുൽപാദനശേഷിയുടെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്ന രീതി ഇടുങ്ങിയതാണെന്നും ലിംഗ സ്വത്വം പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും അന്തസ്സ്, സ്വത്വം, സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുടെ ആത്മാവിനെ തന്നെ അത് ദുർബലപ്പെടുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
ട്രാൻസ് സ്ത്രീക്ക് പരാതി നൽകാനുള്ള അവകാശം ശരിവെച്ച കോടതി അതേസമയം പ്രത്യേക തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഭർത്താവിനും കുടുംബത്തിനുമെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കി. വ്യക്തിയുടെ ലിംഗഭേദം ബഹുമാനിക്കപ്പെടണമെന്നും ഐ.പി.സി 498 എ, ഗാർഹിക പീഡന നിയമം തുടങ്ങിയ നിയമങ്ങൾ പ്രകാരമുള്ള സംരക്ഷണങ്ങൾ ട്രാൻസ് സ്ത്രീകൾക്കും ബാധകമാണെന്നും ഹൈകോടതി ഊന്നിപ്പറഞ്ഞു.
പൊകലയുടെ വിവാഹം 2019 ജനുവരിയിൽ ഹൈദരാബാദിലെ ആര്യസമാജ മന്ദിറിൽ വെച്ചാണ് നടന്നത്. തന്റെ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റിയെക്കുറിച്ച് ഭർത്താവ് വിശ്വനാഥൻ കൃഷ്ണ മൂർത്തിക്ക് പൂർണമായും അറിയാമെന്ന് പൊകല ചൂണ്ടിക്കാട്ടി. സ്ത്രീധനമായി 10 ലക്ഷം രൂപയും, 25 പവൻ സ്വർണവും 500 ഗ്രാം വെള്ളിയും രണ്ട് ലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും തന്‍റെ കുടുംബം നൽകിയതായി അവർ അവകാശപ്പെട്ടു. വിവാഹം കഴിഞ്ഞയുടനെ ഭർത്താവ് തന്നെ ഉപേക്ഷിച്ച് പോയെന്നും പിന്നീട് ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ അയച്ചതായും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.