2000 കിലോ തക്കാളിയുമായി വന്ന വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയി

മംഗളൂരു: തക്കാളി വിലയിൽ സന്തോഷിക്കുന്ന കർഷകരിൽ ആധി പടർത്തി കവർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ 2000 കിലോ തക്കാളിയുമായി സഞ്ചരിച്ച വാഹനം തട്ടിക്കൊണ്ടുപോവുകയും, വിപണിയിൽ എത്തിക്കാൻ പെട്ടിയിൽ അടുക്കിവെച്ച മൂന്ന് ലക്ഷം രൂപ വില വരുന്ന തക്കാളി മോഷണം പോവുകയും ചെയ്തു.

ഹാസൻ ഗോണി സോമനഹള്ളി ഹലേബീഡു ടൗണിനടുത്ത ധരണി എന്ന സോമശേഖരയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന തക്കാളി രാത്രിയാണ് മോഷണം പോയത്. ചിക്കമംഗളൂരു മാർക്കറ്റിൽ എത്തിക്കുന്നതിന് 90 പെട്ടികളിലാക്കി അടുക്കി വെച്ചതായിരുന്നു ഏറ്റവും ഗുണനിലവാരമുള്ള തക്കാളി. നേരം പുലർന്നപ്പോഴേക്കും എല്ലാം വാഹനത്തിൽ കയറ്റി ആരോ കൊണ്ടുപോയി.

എട്ടു വർഷമായി തക്കാളി കൃഷി ചെയ്യുന്ന സോമശേഖരക്ക് ഇത്തവണ രണ്ട് ഏക്കറിൽ നിന്ന് നല്ല വിളവ് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഈ സീസണിൽ കിലോ തക്കാളിക്ക് രണ്ടോ മൂന്നോ രൂപ മാത്രമായതിനാൽ കടത്തുകൂലി പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. ഇത്തവണ ബാങ്ക് വായ്പ തിരിച്ചടവ് ഉൾപ്പെടെ നടത്താം എന്ന പ്രതീക്ഷയിലായിരുന്നു എന്ന് സോമശേഖര പറഞ്ഞു.

എലഹങ്കക്കടുത്ത ചിക്കരാജ ഗ്രാമത്തിൽ നിന്ന് മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന 2000 കിലോഗ്രാം തക്കാളി കാർ കുറുകെയിട്ട് വാഹനം തടഞ്ഞാണ് തട്ടിക്കൊണ്ടുപോയത്. വാഹനം പിന്തുടർന്ന കാർ വിജന സ്ഥലത്ത് എത്തിയപ്പോൾ തടയുകയായിരുന്നു. വാഹനം കാറിൽ ഉരസി എന്നും നഷ്ടപരിഹാരം വേണമെന്നും പറഞ്ഞ് വാക്കേറ്റം ഉണ്ടാക്കിയ ശേഷം അക്രമിച്ചു. തുടർന്ന് വാഹനത്തിൽ കയറിയ അക്രമികൾ ചിക്കാജലയിൽ ഡ്രൈവറേയും കർഷകരേയും ഇറക്കിവിട്ട് തക്കാളി കയറ്റിയ വാഹനം ഓടിച്ചുപോയി. ആർ.എം.സി വാർഡ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Tags:    
News Summary - tomato loaded vehicle robbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.