തമിഴ്നാട്ടിൽ സന്താനോത്പാദനത്തിനായി തടവുകാരന് അവധി

ചെന്നൈ: സന്താനോത്പാദന ആവശ്യത്തിനായി തടവുകാരന് മദ്രാസ് ഹൈകോടതി രണ്ടാഴ്ച അവധി നൽകി. തിരുന്നൽവേലി ജില്ലയിലെ പാളയംകോട്ടൈ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സിദ്ദിഖ് അലിക്കാണ് കോടതി അവധി അനുവദിച്ചത്. ജസ്റ്റിസുമാരായ വിമല ദേവി, ടി.കൃഷ്ണവല്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് തീരുമാനം.

ഇത്തരം ആവശ്യങ്ങൾക്ക്​ തടവുകാർക്ക്​ അവധി നൽകാൻ ജയിൽചട്ടങ്ങൾ അനുവദിക്കുന്നില്ലെന്ന ജയിൽ അധികൃതരുടെ വാദം കോടതി തള്ളി. അസാധാരണ സാഹചര്യത്തിൽ തടവുകാർക്ക്​ അവധി അനുവദിക്കാമെന്ന്​ കോടതി ചൂണ്ടിക്കാട്ടി. തടവുകാരന്​ മതിയായ സംരക്ഷണം നൽകാനും കോടതി ജയലധികൃതർക്ക്​ നിർദേശം നൽകി. പരാതിക്കാരനായ തടവുകാരന്​ ഒരു കുഞ്ഞ്​ വേണമെന്ന ആവശ്യം  പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്​ചയിലെ അവധി വേണമെങ്കിൽ രണ്ടാഴ്​ച കൂടി ദീർഘിപ്പിക്കാനും കോടതി നിർദേശിച്ചു. 

തടവിൽ കഴിയുന്നവരുടെ ദാമ്പത്യ അവകാശങ്ങൾ അനുവദിച്ചുകൊടുക്കുന്നതിനായി സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കേസ് പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങൾ ഇത്തരം കമ്മിറ്റികൾ ഇപ്പോൾത്തന്നെ നിലവിലുണ്ട്. തടവിൽ കഴിയുന്ന ഭാര്യക്കും ഭർത്താവിനും പരസ്പരം കാണാൻ അനുവദിക്കുന്നതിന്‍റെ നിയമവശങ്ങളും ഗുണവശങ്ങളും ദോഷവശങ്ങളും കമ്മിറ്റി പരിശോധിക്കുന്നതാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇത്തരം സന്ദർശനങ്ങൾ അനുവദിക്കുന്നതിൽ തെറ്റില്ലെന്നും ഇത് തടവുകാർക്ക്  അനുവദിക്കാവുന്നതാണെന്നും കാണിച്ച് കേന്ദ്രം നേരത്തേ തന്നെ പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സിദ്ദിഖ് അലിയുടെ ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതി ഉത്തരവ്.

 

Tags:    
News Summary - TN prisoner gets leave to 'procreate'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.