ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ വിവാദം, പ്ലസ്ടു മൂല്യനിർണയം തുടങ്ങി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. വിദ്യാഭ്യാസ മന്ത്രാലയം എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികളെയും പരാജയപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
നീറ്റ് ചോദ്യപേപ്പർ വിവാദം, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയം, ഒമ്പതാം ക്ലാസിലെ ഭാഷാ പഠനം തുടങ്ങിയവയിലൂടെ ലക്ഷക്കണക്കിന് വിദ്യാർഥികളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടു. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച 22 ലക്ഷത്തിലധികം വിദ്യാർഥികളെ ബാധിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഒ.എസ്.എം മൂല്യനിർണയ പ്രക്രിയയിൽ സി.ബി.എസ്.ഇ 12-ാം ക്ലാസ് വിദ്യാർഥികൾക്ക് അപ്രതീക്ഷിതമായി കുറഞ്ഞ മാർക്കാണ് ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം നിരവധി വിദ്യാർഥികൾക്ക് കോളജ് പ്രവേശന യോഗ്യത നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്നും പറഞ്ഞു. ജൂലൈ ഒന്നുമുതൽ സി.ബി.എസ്.ഇ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് പുതിയ ഭാഷാ സിലബസിൽ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം വിമർശിച്ചു. സ്കൂളുകളിൽ അധ്യാപകരും പാഠപുസ്തകങ്ങളും ഇല്ലെന്നും ഇത് ക്ലാസുകളുടെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മൂന്ന് പരീക്ഷകൾ, മൂന്ന് പ്രായക്കാർ, ഒരു മന്ത്രി’ വിദ്യാഭ്യാസ മന്ത്രാലയത്തെ വിമർശിച്ച അദ്ദേഹം ദുരന്തങ്ങളുടെ വകുപ്പായി വിദ്യാഭ്യാസ മന്ത്രാലയം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അനിശ്ചിതത്വങ്ങൾ ബാധിച്ച വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേയ് മൂന്നിന് നടന്ന നീറ്റ്-യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാർഥികളെയാണ് ബാധിച്ചത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പരീക്ഷ റദ്ദാക്കുകയും ജൂൺ 21ന് വീണ്ടും പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.