പ്രതീകാത്മക ചിത്രം
ബീഹാർ: സമസ്തിപൂറിൽ ഗംഗാനദിയിൽ 14 യാത്രക്കാരുമായി സഞ്ചരിച്ച തോണി മറിഞ്ഞ് മൂന്ന് പേർ മരണപ്പെടുകയും നാല് പേരെ കാണാതാവുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 5.45ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ട ഏഴ് യാത്രക്കാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി രക്ഷാപ്രവർത്തകർ അറിയിച്ചു.
പട്ന ജില്ലയിലെ മസൂംഗഞ്ച് ബിന്ദ് തോലിയിലെ താമസക്കാരായ 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൊഹിയുദ്ദീൻ നഗറിലെ സുൽത്താൻപൂർ ദിയാര എന്ന സ്ഥലത്ത് പച്ചക്കറി കൃഷിക്കായി പോയ ഇവർ, പാടത്തുനിന്ന് പച്ചക്കറി ശേഖരിച്ച് ഉമാനാഥ് ഘട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിൽപ്പെട്ടാണ് തോണി മറിഞ്ഞതെന്ന് പട്ന ജില്ലാ മജിസ്‌ട്രേറ്റ് എസ്.എം. ത്യാഗരാജൻ വ്യക്തമാക്കി. യാത്രക്കായി ഉപയോഗിച്ചിരുന്ന ചെറിയ തോണിയുടെ മോട്ടോറിന് തകരാർ സംഭവിക്കുകയും അത് പെട്ടെന്ന് പ്രവർത്തനരഹിതമാവുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട തോണി ശക്തമായ കാറ്റിൽ മറിയുകയായിരുന്നു.
അപകടത്തെത്തുടർന്ന് സമസ്തിപൂർ, പട്ന ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രാദേശിക മുങ്ങൽ വിദഗ്ദ്ധർ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾ എന്നിവരുടെ സംയുക്ത ശ്രമത്തിലൂടെ ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ ബാക്കി നാല് പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.