ബംഗളൂരു: ഫ്രീ ആയി സിഗററ്റും ചായയും വേണമെന്ന് ആവശ്യപ്പെട്ട് ബേക്കറിയിലെത്തിയ യുവാവ് അവ കിട്ടാത്തതിനെ തുടർന്ന് ബേക്കറിയിലെ ഭരണികൾ റോഡിലെറിഞ്ഞു പൊട്ടിച്ചു. കടയിൽ വന്നവർ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാവുകയും യുവാവിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു.
സുദ്ദഗുണ്ടേപാളയയിലെ കൃഷ്ണമൂർത്തി ലേ ഔട്ടിലാണ് സംഭവം. ബേക്കറിയിലെ സാധനങ്ങൾ നശിപ്പിച്ചത് പൊലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് ബേക്കറി ഉടമ മുന്നറിയിപ്പ് നൽകിയപ്പോൾ തനിക്കെതിരെ നടപടിയെടുക്കാൻ പൊലീസിനെ ഇയാൾ വെല്ലുവിളിക്കുകയും ചെയ്തു. സുദ്ദഗുണ്ടെപാളയ പൊലീസ് പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്ന് എസ്.ജി ബേക്സ് ആൻഡ് ജ്യൂസിന്റെ ഉടമ റംഷിദ് സൈഫുല്ല നൽകിയ പരാതിയിൽ പറയുന്നു. പെയിന്റിങ് തൊഴിലാളിയായ അപ്പി (20) എന്നയാൾ ഉച്ചക്ക് 12.30ഓടെ കടയിൽ എത്തി സിഗരറ്റും ചായയും ആവശ്യപ്പെട്ടു. നേരത്തേ ഇയാൾ പലതവണ കടയിൽ വരികയും സിഗരറ്റും മറ്റും എടുക്കുകയും പണം നൽകാതെ പോകുകയും ചെയ്തിരുന്നു.
തുടർന്ന് പണം നൽകാൻ പ്രതിയോട് കടയുടമ ആവശ്യപ്പെടുകയായിരുന്നു. ദേഷ്യം വന്ന അപ്പി വിവിധ പലഹാരങ്ങൾ സൂക്ഷിച്ചിരുന്ന ഗ്ലാസ് ഭരണികൾ എടുത്ത് റോഡിൽ എറിയുകയായിരുന്നു. ഇയാൾ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലായിരിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കടയുടമക്ക് ഭയമായിരുന്നതിനാൽ നേരത്തെ പരാതി നൽകിയിരുന്നില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.