ലഖ്നോ: നിയമസഭയിൽ സംസാരിക്കാവുന്ന ഭാഷകളിൽ ഉർദു ഉൾപ്പെടുത്തണമെന്ന സമാജ് വാദി പാർട്ടിയുടെ ആവശ്യം തള്ളി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭ നടപടിക്രമങ്ങൾ ഉർദുവിൽ പരിഭാഷപ്പെടുത്തണമെന്ന ആവശ്യത്തോട്, 'ഉർദു പഠിപ്പിച്ച് കുട്ടികളെ മൗലവിമാരാക്കാനാണ് അവരുടെ ആഗ്രഹം' എന്നാണ് യോഗി പ്രതികരിച്ചത്. നിയമസഭയിൽ ബജറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു യോഗി.
അഖിലേഷ് യാദവ് സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുമ്പോൾ മറ്റുള്ള കുട്ടികൾ ഉർദു പഠിച്ച് മൗലവിമാരാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത് -യോഗി പറഞ്ഞു. ഭോജ്പുരി, ബ്രജ്, അവധി, ബുണ്ടേലി തുടങ്ങിയ പ്രാദേശിക ഭാഷകൾ സഭയുടെ നടപടിക്രമങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ യോഗി പ്രശംസിച്ചു.
നിയമസഭയിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ കഴിഞ്ഞ ദിവസം എതിർത്തിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹിന്ദിയെ ദുർബലപ്പെടുത്താൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നുവെന്നായിരുന്നു വിമർശനം. ഇംഗ്ലീഷ് അനുവദിക്കുകയാണെങ്കിൽ ഉർദു ഭാഷയും ഉൾപ്പെടുത്തണെന്നും പാണ്ഡെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് യോഗിയുടെ വിമർശനം.
യു.പി നിയമസഭയിൽ സംസാരിക്കാവുന്ന പ്രാദേശിക ഭാഷകളിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായ ഉർദുവിനെ ഉൾപ്പെടുത്തിയിട്ടില്ല. ഉത്തർപ്രദേശിലെ നിയമസഭാംഗങ്ങൾക്ക് ഹിന്ദിക്ക് പുറമേ നാല് പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും നിയമസഭയിൽ അനുമതി നൽകിയെങ്കിലും ഉർദു അതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.