പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ശ്രമം -യെച്ചൂരി

ന്യൂഡൽഹി: പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചോദ്യങ്ങളെയും സമാധാനപരമായ പ്രതിഷേധങ്ങളെയും അവർ ഭയക്കുകയാണ്. ഡൽഹി കലാപ ഗൂഢാലോചനയിൽ സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കും ആക്ടിവിസ്റ്റുകൾക്കും പങ്കുണ്ടെന്ന് കാട്ടി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം പോലെ വിവേചനപരമായ നിയമത്തിനെതിരെ പ്രതികരിക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. അത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. പ്രതിപക്ഷത്തിന്‍റെ പ്രവൃത്തി ഞങ്ങൾ തുടരുക തന്നെ ചെയ്യും.

മോദി സർക്കാറിന് പാർലമെന്‍റിൽ ഉയരുന്ന ചോദ്യങ്ങളെ മാത്രമല്ല ഭയം. വാർത്താസമ്മേളനങ്ങളെയും വിവരാവകാശ അപേക്ഷയെയും ഭയമാണ്- അത് മോദിയുടെ ഫണ്ടിനെ കുറിച്ചായാലും ബിരുദത്തെ കുറിച്ചുള്ളതായാലും. കേന്ദ്ര സർക്കാറിന്‍റെ ഭരണഘടനാവിരുദ്ധമായ നയങ്ങൾക്കും നടപടികൾക്കുമെതിരെ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും.

ഡൽഹിയിൽ 56 പേരാണ് കൊലചെയ്യപ്പെട്ടത്. വിദ്വേഷ പ്രസംഗത്തിന്‍റെ വിഡിയോ ഉണ്ടായിട്ടുപോലും നടപടിയെടുക്കാൻ പൊലീസ് തയാറായിട്ടില്ല. പ്രതിപക്ഷത്തെ ഏത് വിധത്തിലും വരിഞ്ഞുകെട്ടാൻ സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. മോദിയുടെയും ബി.ജെ.പിയുടെയും യഥാർഥ മുഖമാണിത്. ഇതിനെതിരെ പ്രതിഷേധമുയരും -യെച്ചൂരി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.