കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനമായ നിർവാചൻ സദൻ
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ഇന്ന് ഇൻഡ്യ സഖ്യത്തിന്‍റെ പ്രതിഷേധം നടക്കാനിരിക്കെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചക്ക് അനുമതി നൽകി തെരഞ്ഞെടുപ്പ് കമീഷൻ. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശിന് അയച്ച കത്തിലാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ച നടത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറിയേറ്റ് അറിയിച്ചത്.
അതേസമയം, മുഴുവൻ പ്രതിപക്ഷ എം.പിമാരുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. ഓഫിസിൽ സ്ഥലപരിമിതിയുണ്ടെന്നും 30 പ്രതിനിധികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാമെന്നും ഇവരുടെ പേര്, വാഹന വിവരങ്ങൾ കൈമാറണമെന്നും കത്തിൽ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
പ്രതിപക്ഷ പാർട്ടി പ്രതിനിധികളുമായി ന്യൂഡൽഹി അശോക റോഡിലെ നിർവാചൻ സദനിലെ ഏഴാം നിലയിലെ സുകുമാർ സെൻ ഹാളിലാണ് കൂടിക്കാഴ്ച നടത്തുക.
അതേസമയം, വോട്ടർപട്ടികയിലെ ക്രമക്കേടിൽ ഇൻഡ്യ സഖ്യത്തിലെ 300 എം.പിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ 11.30ന് പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തുന്ന മാർച്ചിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകും.
മാർച്ചിന് പിന്നാലെ, തങ്ങളുടെ വിയോജിപ്പ് കമീഷനെ നേതാക്കൾ ഔദ്യോഗികമായി അറിയിക്കും. കർണാടകയിലെ മഹാദേവപുര നിയമസഭ സീറ്റിൽ ഒരു ലക്ഷത്തോളം വോട്ടുകൾ ചോർന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ പ്രതിഷേധം.
അതേസമയം, എന്‍.ഡി.എ സര്‍ക്കാറിനെതിരെ വോട്ട് അട്ടിമറി ആരോപണങ്ങള്‍ ഉയർത്തി രാജ്യവ്യാപകമായ കാമ്പയിന് കോൺഗ്രസ് തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി ‘വോട്ട് ചോരി’ എന്ന വെബ്‌സൈറ്റ് ആരംഭിച്ചു. 9650003420 എന്ന നമ്പര്‍ മുഖേനയും കാമ്പയിനില്‍ പങ്കാളികളാകാമെന്ന് പാർട്ടി അറിയിച്ചു.
‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന അടിസ്ഥാന ജനാധിപത്യ തത്വത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് ‘എക്സി’ൽ വെബ്സൈറ്റ് വിവരങ്ങൾ പങ്കുവെച്ച് രാഹുല്‍ ഗാന്ധി കുറിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ക്ക് സുതാര്യമായ വോട്ടര്‍ പട്ടിക അത്യാവശ്യമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
സുതാര്യത ഉറപ്പാക്കുക, ഡിജിറ്റൽ വോട്ടർ പട്ടിക പരസ്യമാക്കുക, അതുവഴി പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സ്വയം ഓഡിറ്റ് ചെയ്യാൻ വഴിയൊരുക്കുക എന്നതാണ് തെരഞ്ഞെടുപ്പ് കമീഷനോട് കോൺഗ്രസിന്റെ ആവശ്യം. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണിത്. votechori.in/ecdemand എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് രാജ്യത്തെ ജനങ്ങൾ പിന്തുണയറിയിക്കാനും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.