ഡൽഹി മുഖ്യമന്ത്രി അതിഷി പദയാത്രക്കിടെ വോട്ടർമാരുമായി സംസാരിക്കുന്നു
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ ഡൽഹിയിലെ രാഷ്ട്രീയ പോരാട്ടം കനക്കുകയാണ്. ഹാട്രിക് തേടി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങുന്ന എ.എ.പിയും അട്ടിമറി ലക്ഷ്യമാക്കി കച്ചമുറുക്കുന്ന ബി.ജെ.പിയും നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസും ചേരുേമ്പാൾ വീറും വാശിയും ഏറെ. പ്രമുഖ നേതാക്കളെ പ്രചാരണത്തിനിറക്കിയും ആരോപണവും പ്രത്യാരോപണവും കുറിക്കുകൊള്ളിച്ചും പ്രചാരണം ചൂടുപിടിക്കുകയാണ്.
കോൺഗ്രസ് ലോകോത്തര നിലവാരത്തിൽ ഒരുക്കിയ ഡൽഹിയെ ആം ആദ്മി പാർട്ടിയും (എ.എ.പി) ബി.ജെ.പിയും ചേർന്ന് ചവറ്റുകുട്ടയാക്കി മാറ്റിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എ.എ.പി ഒരു മദ്യസൗഹൃദ പാർട്ടിയായെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മലിനമായ യമുന നദിയിൽ മുങ്ങിക്കുളിക്കാൻ എ.എ.പി നേതാവും മന്ത്രിമാരും ധൈര്യപ്പെടുമോയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചോദിച്ചു. ഡൽഹി കിരാരിയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി. അനധികൃത ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും ഗൂഢാലോചനയുടെ ഭാഗമായി ഓഖ്ലയിൽ പാർപ്പിച്ചിരിക്കുകയാണെന്നും യോഗി പറഞ്ഞു.
അതേസമയം, യോഗി ആദിത്യനാഥിന്റെ യു.പിയിൽ സർക്കാർ സ്കൂളുകളുടെ സ്ഥിതി പരിതാപകരമെന്ന് എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. പത്തുവർഷം അധികാരത്തിലിരുന്നും യോഗിക്ക് സ്ഥിതിയിൽ മാറ്റം വരുത്താനായില്ല. ആവശ്യമെങ്കിൽ ഉത്തർപ്രദേശിൽ സർക്കാർ സ്കൂളുകൾ എങ്ങനെ വികസിപ്പിക്കാം എന്ന് കാണിക്കാൻ ഡൽഹി വിദ്യാഭ്യാസ മന്ത്രിയെ അയച്ചുനൽകാമെന്നും കെജ്രിവാൾ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ യഥാർഥ വികസന മാതൃകയാണ് ഡല്‍ഹിക്ക് ഇപ്പോഴാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെയും വ്യാജ പ്രചാരണങ്ങളും പി.ആര് മാതൃകയുമല്ല വേണ്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, മലിനീകരണം, അഴിമതി എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു മൊണ്ടാഷും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.