ജഡ്ജിമാരെ ലക്ഷ്യംവെക്കുന്നതിന് പരിധിയുണ്ട് -ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡൽഹി: ജഡ്ജിമാരെ ലക്ഷ്യംവെക്കുന്നതിന് പരിധിയുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്. ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും പുരോഹിതന്മാർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം വ്യാഴാഴ്ച ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചിനു മുമ്പാകെ ഉന്നയിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.

കോവിഡ് ബാധിച്ചതിനാൽ തനിക്ക് ഹരജി പരിഗണിക്കാനായില്ലെന്നും എന്നാൽ ഹരജി സുപ്രീംകോടതി വൈകിപ്പിക്കുകയാണെന്നുമുള്ള മാധ്യമവാർത്തകൾ താൻ വായിച്ചുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 'ഞങ്ങൾക്ക് ഒരു ഇടവേള തരൂ. ജഡ്ജിമാരെ വ്യക്തിപരമായി ലക്ഷ്യംവെക്കുന്നതിൽ ഒരു പരിധിയുണ്ട്. ആരാണ് ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്?' -അദ്ദേഹം ചോദിച്ചു. ഹരജി ലിസ്റ്റ് ചെയ്തിരിക്കുന്നു. അല്ലെങ്കിൽ ഇനി മറ്റൊരു വാർത്ത വായിക്കേണ്ടിവരില്ലേ എന്ന് ബെഞ്ചിലുളള ജസ്റ്റിസ് സൂര്യകാന്തും ചോദിച്ചു.

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ട സാഹചര്യത്തെപ്പറ്റി അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് കഴിഞ്ഞ മാസം 27ന് വിശദീകരിച്ചപ്പോൾ 'നിങ്ങളീ പറയുന്നത് സംഭവിക്കുന്നുണ്ടെങ്കിൽ നിർഭാഗ്യകരമാണ്' എന്നായിരുന്നു അവധിക്കാല ബെഞ്ച് പ്രതികരിച്ചത്.

ജൂലൈ 11ന് കോടതി തുറക്കുമ്പോൾതന്നെ കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയും ചെയ്തു. എന്നാൽ, ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹരജി രണ്ടുതവണ മാറ്റി. ബാംഗ്ലൂർ രൂപത ആർച് ബിഷപ് ഡോ. പീറ്റർ മച്ചാഡൊ, നാഷനൽ സോളിഡാരിറ്റി ഫോറം എന്നിവരാണ് ഹരജിക്കാർ. 

Tags:    
News Summary - There is a limit to targeting judges -Justice Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.