ന്യൂഡൽഹി: നാഷണൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിയുടെ (എൻ.ഐ.എ) ഡയറക്ടർ ജനറലായ സദാനന്ദ് വസന്ത് ദത്തെയെ മാറ്റി മഹാരാഷ്ട്രയിലെ തന്റെ മാതൃ കേഡറിലേക്ക് തിരിച്ചയച്ചു. തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷയിൽ ചേർന്ന മന്ത്രിസഭ നിയമനസമിതി അംഗീകാരവും നൽകി.
ഈ മാസം അവസാനം വിരമിക്കാനിരിക്കുന്ന മഹാരാഷ്ട്ര ഡി.ജി.പി രശ്മി ശുക്ലക്ക് പകരമായി സദാനന്ദ് ദത്തെ ചുമതലയേൽക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
2024 മാർച്ച് 31-ന് ദിനകർ ഗുപ്തയിൽ നിന്നാണ് ഇന്ത്യയുടെ എലൈറ്റ് ഭീകര അന്വേഷണ യൂനിറ്റായ എൻ.ഐ.എയുടെ ഡയറക്ടർ ജനറലായി സദാനന്ദ് ദത്തെ ചുമതലയേറ്റത്. മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. മുൻപ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്നു ഇദ്ദേഹം.
2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണ സമയത്ത് സദാനന്ദ ദത്തെ നടത്തിയ സേവനത്തിന് രാഷ്ട്രപതിയുടെ ധീരത മെഡൽ ലഭിച്ചിരുന്നു. അന്ന് മുംബൈ അഡീഷണൽ പൊലീസ് കമ്മീഷണറായിരുന്നു.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സി.ബി.ഐ) ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ (സി.ആർ.പി.എഫ്) ഇൻസ്പെക്ടർ ജനറലായും രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സദാനന്ദ ദതെ തിരികെ വരുന്നതെന്നാണ് വരുന്ന റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.