ബി.ജെ.പി ജനറൽ സെക്രട്ടറിക്കെതിരായ ബലാത്സംഗക്കേസ് അന്വേഷണം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗ്യക്കും ആർ.എസ്.എസ് അംഗം ജിഷ്ണു ബസുവിനുമെതിരായ കൂട്ട ബലാത്സംഗക്കേസിലെ അന്വേഷണം സുപ്രീംകോടതി റദ്ദാക്കി. ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രദീപ് ജോഷി കൂടി പ്രതിയായ കേസിനാധാരമായ പരാതി വീണ്ടുമൊരിക്കൽ കൂടി പരിഗണിച്ച് രണ്ടാമത് തീർപ്പാക്കാൻ പശ്ചിമ ബംഗാളിലെ അലിപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് സുപ്രീംകോടതി നിർദേശിച്ചു. കൈലാഷ് വിജയ് വർഗ്യക്കും ജിഷ്ണു ബസുവിനും പ്രദീപ് ജോഷിക്കും തങ്ങൾക്കെതിരായ രേഖകളുടെ സാധുത മജിസ്ട്രേറ്റ് മുമ്പാകെ ചോദ്യം ചെയ്യാമെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

17 മാസം മുമ്പ് അന്തിമവാദം പൂർത്തിയാക്കിയ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചതായിരുന്നു. ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തിയ ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗ്യയും പിന്നീട് ആർ.എസ്.എസ് അംഗമായ ജിഷ്ണു ബസുവും പ്രദീപ് ജോഷിയും ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു യുവതിയുടെ പരാതി. തന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കൂട്ട ബലാത്സംഗത്തിനുശേഷം 39 തവണയെങ്കിലും ശാരീരികമായി ഉപദ്രവിച്ചെന്നും ഇവർ പരാതിയിൽ ബോധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2019ൽ രണ്ടു പരാതികൾ നൽകിയിട്ടും അലിപുർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് യുവതി 2020ൽ അലിപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ സമീപിച്ചത്. എന്നാൽ മജിസ്ട്രേറ്റും ഈ ആവശ്യം തള്ളിയതോടെ പരാതിക്കാരി കൽക്കത്ത ഹൈകോടതിയെ സമീപിച്ചു.

പരാതിക്കാരിയുടെ ഹരജി പുനഃപരിശോധിക്കാൻ കൽക്കത്ത ഹൈകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ 2021 ഒക്ടോബറിൽ ബി.ജെ.പി- ആർ.എസ്.എസ് നേതാക്കൾക്കെതിരായ ബലാത്സംഗ പരാതി എഫ്.ഐ.ആർ ആയി പരിഗണിച്ച് അ​ന്വേഷണം നടത്താൻ അലിപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പൊലീസിന് നിർദേശം നൽകി. കൈലാഷ് വിജയ് വർഗ്യക്കും മറ്റു രണ്ടു പ്രതികൾക്കുമെതിരെ കൂട്ട ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതിനെതിരെ 2021 ഒക്ടോബറിൽ സമർപ്പിച്ച അപ്പീലിലാണ് എഫ്.ഐ.ആറും അന്വേഷണവും റദ്ദാക്കിയ സുപ്രീംകോടതി വിധി. അന്തിമവാദത്തിനുമുമ്പ് ഇടക്കാല ഉത്തര​വ് എന്ന നിലയിൽ ബി.ജെ.പി നേതാവി​ന് അറസ്റ്റിൽ നിന്നുള്ള സംരക്ഷണം സുപ്രീംകോടതി നൽകിയിരുന്നു. 

Tags:    
News Summary - The Supreme Court quashed the rape case investigation against BJP General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.