ഈ യാത്ര ജനങ്ങളോട് പറയാനല്ല, കേൾക്കാനുള്ളതെന്ന് രാഹുൽ ഗാന്ധി

അമൃത്സർ: ഭാരത് ജോഡോ യാത്ര നടത്തുന്നത് ജനങ്ങളോട് പറയാനല്ലെന്നും അവരെ കേൾക്കാനാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ഈ യാത്രയിൽ ദീർഘമായ പ്രസംഗങ്ങൾ നടത്താറില്ല. രാവിലെ ആറു മണിക്ക് എഴുന്നേൽക്കുകയും ഏകദേശം 25 കിലോമീറ്റർ നടക്കുകയും ഏഴു മണിക്കൂർ ജനങ്ങളെ കേൾക്കുകയും ചെയ്യുന്നു. ശേഷം, 10-15 മിനിറ്റ് കാഴ്ചകൾ സൂക്ഷിക്കുന്നു. ഈ യാത്രയുടെ ആത്മാവ് 'കേൾക്കുക' എന്നതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പഞ്ചാബിലെ പര്യടനത്തിന് തുടക്കം കുറിച്ച് ഫത്തേഗഡ് സാഹിബിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

ഈ യാത്ര വിദ്വേഷം, അക്രമം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളെ ഉയർത്തിക്കാട്ടുകയും അതിനെതിരെ പോരാടുകയും ചെയ്യണമെന്ന് കരുതിയുള്ളതാണ്. ഒരു ജാതിയെ മറ്റൊന്നിനെതിരെയും ഒരു ഭാഷയെ മറ്റൊന്നിനെതിരെയും നിർത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. 

രാജ്യത്തിന്റെ അന്തരീക്ഷം അവർ വഷളാക്കി. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വേറിട്ട പാതയാണ് രാജ്യത്തിന് കാണിച്ചു കൊടുക്കേണ്ടതെന്ന് തങ്ങൾ കരുതുന്നു. അതിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 

രാവിലെ ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയിൽ സന്ദർശനം നടത്തിയ ശേഷമാണ് രാഹുൽ പഞ്ചാബ് പര്യടനത്തിന് തുടക്കം കുറിച്ചത്. ഹരിയാന പര്യടനം പൂർത്തിയാക്കി ഇന്നലെയാണ് പദയാത്ര പഞ്ചാബിൽ പ്രവേശിച്ചത്. തുടർന്ന് രാഹുൽ സുവർണ ക്ഷേത്രം സന്ദർശിച്ചിരുന്നു.

ഏഴു ദിവസമാണ് സംസ്ഥാനത്ത് യാത്ര പര്യടനം നടത്തുന്നത്. യാത്രയുടെ ഭാഗമായി പത്താൻകോട്ടിൽ മഹാറാലി സംഘടിപ്പിക്കും. തുടർന്ന് യാത്ര പത്താൻകോട്ടിൽ നിന്നും മാധോപൂർ വഴി ജമ്മു കശ്മീരിൽ പ്രവേശിക്കും. സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കടന്നു പോയ സംസ്ഥാനങ്ങളിൽ വലിയ വരവേൽപ്പാണ് ജോഡോ യാത്രക്ക് ലഭിച്ചത്. 

Tags:    
News Summary - The spirit of this Bhart jodo yatra is 'to listen': Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.