അപകട സമയത്ത് റാം എയർ ടർബൈൻ പ്രവർത്തിച്ചു; ഇ​ത് ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ നി​ർ​ണാ​യ​കം

ഇന്നലത്തെ എയർ ഇന്ത്യ വിമാനാപകടത്തെപ്പറ്റിയുള്ള വാർത്തകളിലും വിശകലനങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെടാത്ത കാര്യത്തെപ്പറ്റിയാണ് പറയുന്നത്. 600 അടി പൊക്കത്തിൽ വിമാനത്തിന്റെ ചക്രങ്ങൾ താഴ്ന്നിരുന്നതും ഫ്ലാപ്പുകൾ നേരെയാക്കിയിരുന്നതും കണ്ട വിഡിയോയിൽ ഏറെ ശ്രദ്ധിക്കപ്പെടാതിരുന്ന കാര്യം, ഒരു ശബ്ദമായിരുന്നു.

ഏറ്റവും അടിയന്തര സാഹചര്യങ്ങളിൽ മാത്രം, വിമാനത്തിന് ഏറ്റവും അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന, റാം എയർ ടർബൈൻ (RAT) എന്ന ചെറിയ വൈദ്യുതി ജനറേറ്ററിന്റെ, മുരൾച്ചപോലെയുള്ള ശബ്ദം ശ്രദ്ധയിൽപ്പെടാതെപോയിരുന്നു.

വിമാന എൻജിനിൽനിന്നുള്ള പവർ സ്വീകരിക്കുന്ന വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാവുക, ആ സാഹചര്യത്തിൽ പ്രവർത്തനം ആരംഭിക്കേണ്ട ഓക്‌സിലിയറി പവർ യൂനിറ്റ് എന്ന ചെറു ജനറേറ്റർ പ്രവർത്തിക്കാതെയാവുക, ഇതു രണ്ടുമില്ലെങ്കിൽ ഊർജം ഉറപ്പാക്കേണ്ട ബാറ്ററി യൂനിറ്റും നിശ്ചലമാവുക- ഈ സാഹചര്യത്തിൽ മാത്രമാണ് റാറ്റ് പ്രവർത്തിച്ചുതുടങ്ങുക.

മറ്റു വിമാനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഡ്രീംലൈനർ വിമാനങ്ങളിലെ റാറ്റ് പൈലറ്റുമാർക്ക് സ്വിച്ചോൺ ചെയ്യാൻ കഴിയില്ല. അടിയന്തര സാഹചര്യത്തിൽ ഇത് തനിയെ ഓണാവും. അപകട സമയത്ത് റാറ്റ് ഓണായി എന്നതിന്റെ അർഥം ഇതാണ്-

വൈദ്യുതി സംവിധാനങ്ങൾകൊണ്ടു മാത്രം എല്ലാ പ്രവർത്തനങ്ങളും നടക്കുന്ന ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലെ ആ സംവിധാനങ്ങളെല്ലാം ആ 625 അടി പൊക്കത്തിൽ പ്രവർത്തിച്ചില്ല. രണ്ടു സാഹചര്യത്തിൽ ഇതു സംഭവിക്കാം.

1. രണ്ട് എൻജിനുകളും പ്രവർത്തിക്കാതെയായി. ഒപ്പം, എൻജിൻ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററുകളും പ്രവർത്തിച്ചില്ല.

2. എൻജിനുകൾ പ്രവർത്തിച്ചിരുന്നെങ്കിലും രണ്ട് ഇന്റഗ്രേറ്റഡ് ഡ്രൈവ് ജനറേറ്ററുകൾ പ്രവർത്തിച്ചില്ല. അതോടൊപ്പം ഓക്‌സിലയറി പവർ യൂനിറ്റ് എന്ന എ.പി.യുവും പ്രവർത്തിക്കാതെയായി. കൂടാതെ ബാറ്ററിയിൽനിന്നുള്ള ഊർജവും പോരാതെവന്നു.

“No thrust… plane not taking lift”

എന്ന് പൈലറ്റ് സന്ദേശം അയച്ചത് ഇതിൽ ഏതു സാഹചര്യത്തിലാണ് എന്നാണ് വ്യക്തമാകേണ്ടത്. എൻജിൻ പ്രവർത്തിക്കുന്നില്ല എന്ന് പൈലറ്റ് പറഞ്ഞില്ല എന്നത് ശ്രദ്ധിക്കുക. ത്രസ്റ്റ് കിട്ടുന്നില്ല, ആവശ്യത്തിന് ലിഫ്‌റ്റ് ഇല്ല എന്നു പറയുമ്പോൾ എൻജിനുണ്ടെങ്കിലും ഇതൊന്നുമില്ല എന്നാണ് അർഥം.

എൻജിനുകൾ ആവശ്യത്തിന് ശക്തി നൽകാത്ത ഐഡിൽ നിലയിലായിരുന്നെങ്കിലും, ഒരു എൻജിൻ മാത്രം പ്രവർത്തിക്കുകയായിരുന്നെങ്കിലും നോ ത്രസ്റ്റ് എന്ന് പൈലറ്റ് പറയാം.

നോ ലിഫ്റ്റ് എന്നു പറഞ്ഞത് വിരൽ ചൂണ്ടുന്നത് നേരെയാക്കിയ ഫ്ലാപ്പുകളിലേക്കുംകൂടിയാണ്. കൂടാതെ, വിമാനത്തിലെ ചരക്കിന്റെയും യാത്രക്കാരുടെയും വിന്യാസം ശരിയാകാത്തതിനാൽ വിമാനത്തെ മുകളിലേക്കുയർത്താൻ കൂടുതൽ ശ്രമിക്കേണ്ടിവരുന്നതും ഇത്തരത്തിലുള്ള സാഹചര്യമുണ്ടാക്കാം.

ഈ വിമാനത്തിലെ എൻജിനുകളുടെ പ്രവർത്തനം ആത്യന്തികമായ നിയന്ത്രിക്കുന്നത് വൈദ്യുതി സംവിധാനമായതിനാൽ അതിനുണ്ടാകുന്ന തകരാറുകൾ എൻജിനുകളെ നിശ്ചലമാക്കാം. ചുരുക്കത്തിൽ, വിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തിൽ നിശ്ചലമായതാണ് അപകടമുണ്ടാക്കിയത് എന്നു കരുതാം.

നിശ്ചലമായ എൻജിനുകൾ (എന്തു കാരണംകൊണ്ടായാലും) മാത്രം ആ റാറ്റ് യൂനിറ്റിനെ പ്രവർത്തിപ്പിച്ചുതുടങ്ങില്ല എന്നതിനാൽ, മറ്റു രണ്ടു സംവിധാനങ്ങളായ എ.പി.യു, ബാറ്ററി എന്നിവയും നിശ്ചലമായത് എങ്ങനെയെന്നാവും അന്വേഷണമുണ്ടാവുക. വിമാനത്തെ മൊത്തം നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ സോഫ്‌റ്റ്വെയറിന്റെ കുഴപ്പങ്ങൾ വരെ അന്വേഷണ പരിധിയിൽ വരും.

മറ്റൊരു കാര്യംകൂടി-

റാറ്റ് മാത്രം പ്രവർത്തിച്ച് ഈ വിമാനത്തിന് ലാൻഡ് ചെയ്യാനും ആവുമായിരുന്നില്ല. വിമാനത്തിലെ മറ്റു സംവിധാനങ്ങളെല്ലാം വീണ്ടും പ്രവർത്തിച്ചുതുടങ്ങുന്നതുവരെയുള്ള ഇടക്കാല വൈദ്യുതി ഉൽപാദന സംവിധാനത്തിന് വിമാനം കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനോ ലാൻഡ് ചെയ്യിക്കാനോ കഴിയുമായിരുന്നില്ല. റാറ്റ് പ്രവർത്തിച്ചുതുടങ്ങാനിടയായ ആ മൂലകാരണം കണ്ടെത്താനും പരിഹാരമുണ്ടാക്കാനും ആ കുറഞ്ഞ സമയത്തിനുള്ളിൽ പൈലറ്റുമാർക്ക് കഴിയാതിരുന്നത് അനിവാര്യമായ അപകടത്തിലേക്ക് എത്തിക്കുകയും ചെയ്തു.

Tags:    
News Summary - The ram air turbine was operating at the time of the accident; the indications it gives are crucial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.