ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാൻ നേതാക്കൾ മുന്നോട്ട് വരണമെന്ന് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായി. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്ന് അവർ എക്സിൽ കുറിച്ചു. ഇന്ത്യ-പാകിസ്താൻ സംഘർഷം യുദ്ധമായി മാറുന്നതിനിടെയാണ് സമൂഹ മാധ്യമമായ എക്സിലൂടെ മലാല യൂസഫ് സായിയുടെ പ്രതികരണം.
വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സാധാരണക്കാരായ മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനും, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കന്മാരോട് ഞാൻ അഭ്യർഥിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും നിരപരാധികളായ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.
ഈ അപകടകരമായ സമയത്ത് പാകിസ്താനിലെ എന്റെ എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എല്ലാ അധ്യാപകരെയും വക്താക്കളെയും പെൺകുട്ടികളെയും കുറിച്ച് ഞാൻ ചിന്തിക്കുന്നു. നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്.
അതേസമയം, ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. കശ്മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.