യു.പി ബലാത്സംഗ കൊല: തട്ടിക്കൊണ്ടുപോയതല്ല, പെൺകുട്ടികൾ പ്രതികളോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നെന്ന് പൊലീസ്

ലഖ്നോ: യു.പിയിൽ സഹോദരിമാരായ ദലിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ കുടുംബാംഗങ്ങളുടെ വാദങ്ങൾ തള്ളി പൊലീസ്. പെൺകുട്ടികൾ പ്രതികളുടെ കൂടെ സ്വന്തം താൽപര്യപ്രകാരം ഇറങ്ങിപ്പോവുകയായിരുന്നെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എന്നാൽ, പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം വ്യക്തമാക്കിയത്.

പൂനം (15), മനീഷ (17) എന്നീ പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ചേത്റാം ഗൗതം, സുഹൈൽ, ജുനൈദ്, ഹഫീസുൽ റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നാല് പേർക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തത്. രണ്ട് പേർ ഇവരെ സഹായിക്കുകയായിരുന്നു.

പ്രതികളായ സുഹൈൽ, ജുനൈദ് എന്നിവരുമായി പെൺകുട്ടികൾ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് അവകാശപ്പെടുന്നു. പെൺകുട്ടികൾ വിവാഹത്തിന് വിസമ്മതിച്ചതോടെ കരിമ്പിൻപാടത്ത് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ പറഞ്ഞു.

എന്നാൽ, പൊലീസ് വാദങ്ങൾ തള്ളുകയാണ് പെൺകുട്ടിയുടെ കുടുംബം. ബുധനാഴ്ച ഉച്ചക്ക് ശേഷം വീട്ടിൽ അതിക്രമിച്ച് കയറി അമ്മയെ മർദിച്ച ശേഷമാണ് പെൺകുട്ടികളെ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. തുടർന്നുള്ള തിരച്ചിലിലാണ് മൂന്ന് മണിക്കൂറിന് ശേഷം കരിമ്പിൻപാടത്തെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കുട്ടികളെ കണ്ടത്. പെൺകുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പ് തങ്ങളെ അറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് പൊലീസ് സുരക്ഷയേർപ്പെടുത്തിയിരിക്കുകയാണ്. 

Tags:    
News Summary - The girls were not kidnapped but went willingly with the men says UP police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.