പനജി: ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിനെ ഗോവയിലെ റസ്റ്ററന്റിൽ നടന്ന പാര്‍ട്ടിക്കിടെ പ്രത്യേക ദ്രാവകം കുടിപ്പിച്ചെന്ന് കണ്ടെത്തൽ. സഹായികളായ സുധീർ സാഗ്‌വൻ, സുഖ്‌വിന്ദർ വസി എന്നിവര്‍ നിർബന്ധിച്ചു കുടിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇരുവരും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. അവശയായി നടക്കാൻ ബുദ്ധിമുട്ടുന്ന സൊനാലിയെ ഒരാൾ പിടിച്ചുകൊണ്ടുപോയി പബിലെ ടേബിളിൽ എത്തിക്കുന്ന മറ്റൊരു സി.സി.ടി.വി ദൃശ്യവും ലഭിച്ചിരുന്നു. വിഡിയോയിൽ സൊനാലിയെ ടേബിളിനടുത്തേക്ക് എത്തിക്കുന്നത് സുധീർ സാങ്‍വാനാണെന്നാണ് സംശയം.
സുധീർ വാട്ടർബോട്ടിലിൽനിന്ന് സൊനാലിയെ നിർബന്ധിച്ചു ദ്രാവകം കുടിപ്പിക്കുന്നതാണ് പുതുതായി ലഭിച്ച ദൃശ്യങ്ങളിലുള്ളത്. ഇതിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ട അവരെ, അടുത്തദിവസം രാവിലെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ആന്തരാവയവങ്ങളുടെ രാസപരിശോധനക്കും മറ്റു പരിശോധനകൾക്കും ശേഷമേ മരണകാരണത്തിൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു. സൊനാലിക്ക് ലഹരിമരുന്ന് നൽകിയെന്ന് സഹായികൾ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
മൃതദേഹത്തിൽ മൂർച്ചയില്ലാത്ത ആയുധം പ്രയോഗിച്ചത് മൂലമുള്ള പരിക്കുകൾ ഉള്ളതായി വ്യാഴാഴ്ച ഗോവ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. തിങ്കളാഴ്ച ഗോവയിലെത്തിയ സൊനാലിക്കൊപ്പം സുധീർ സാഗ്‌വനും സുഖ്‌വിന്ദർ വസിയുമുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ നടിയെ ആശുപത്രിയിൽ എത്തിച്ചത്. ഹൃദയസ്തംഭനം മൂലം മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, സൊനാലിയുടെ സഹോദരൻ റിങ്കു ധാക്ക വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി.
മരണത്തിനു ശേഷം സൊനാലിയുടെ ഹരിയാനയിലെ ഫാംഹൗസിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളും ലാപ്ടോപ്പുകളും കാണാതായെന്നും റിങ്കു വെളിപ്പെടുത്തിയിരുന്നു. സൊനാലി ലൈംഗിക പീഡനത്തിന് ഇരയായതായും കുടുംബം ആരോപിച്ചെങ്കിലും കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇത് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.