അഞ്ചിടത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച

ന്യൂഡൽഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമീഷൻ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുകയാണ് കമീഷൻ. നവംബർ-ഡിസംബറിലാണ് വോട്ടെടുപ്പ് നടക്കേണ്ടത്.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന നിലയിലാണ് അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ കടന്നുവരുന്നത്. അതിന്‍റെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാ പാർട്ടികളും ഇതിനകം ഗോദയിൽ ഇറങ്ങിക്കഴിഞ്ഞു. അടുത്ത ഫെബ്രുവരിയിൽ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിക്കും. തുടർന്ന് മേയ് അവസാനത്തോടെയാണ് പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരമേൽക്കുക. നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഒരുക്കം വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം രാജസ്ഥാൻ സന്ദർശിക്കും.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ, കമീഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവർ ജയ്പുരിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായ ചർച്ച നടത്തും. തുടർന്ന് വിവിധ വകുപ്പുകളിലെ ഓഫിസർമാരുമായി ചർച്ച. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ തെലങ്കാനയിൽ മൂന്നു ദിവസത്തെ സന്ദർശനത്തിന് എത്തും. ഇതോടെ അഞ്ചു സംസ്ഥാനങ്ങളിലെയും മുന്നൊരുക്ക വിലയിരുത്തൽ പൂർത്തിയാവും. തൊട്ടുപിറകെ വോട്ടെടുപ്പു തീയതികൾ ഡൽഹിയിൽ പ്രഖ്യാപിക്കാനാണ് ഒരുക്കം.

മിസോറം നിയമസഭയുടെ കാലാവധി ഡിസംബർ 17ന് അവസാനിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടാണ് അധികാരത്തിൽ. മറ്റു നാലു സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി ജനുവരിയിലാണ് കഴിയുന്നത്. ഭാരത് രാഷ്ട്രസമിതി തെലങ്കാന ഭരിക്കുമ്പോൾ രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസാണ് അധികാരത്തിൽ. മധ്യപ്രദേശിൽ ബി.ജെ.പിയും.

Tags:    
News Summary - The election announcement for the five states will be next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.