ഗുസ്തി താരങ്ങളെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ലൈംഗികാതിക്രമം നടത്തിയ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. താരങ്ങളുമായി കേന്ദ്രം ഒരിക്കൽ കൂടി ചർച്ചക്ക് തയാറാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറാണ് അറിയിച്ചത്.

‘ഗുസ്തി താരങ്ങളുമായി അവരുടെ പ്രശ്‌നങ്ങളിൽ ചർച്ചക്ക് സർക്കാർ തയാറാണ്. അതിനായി ഞാൻ ഒരിക്കൽ കൂടി അവരെ ക്ഷണിച്ചിട്ടുണ്ട്’, അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദിവസങ്ങൾക്ക് മുമ്പ് ഗുസ്തി താരങ്ങളുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ താരങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. ഇതോടെ സമരത്തിൽനിന്ന് പിന്മാറിയെന്ന രീതിയിൽ വാർത്ത പ്രചരിക്കുകയും താരങ്ങൾ നിഷേധിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

ഗുസ്തി താരങ്ങളുടെ പരാതിയിൽ മൊഴിയെടുക്കാൻ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിലെത്തിയിരുന്നു. ഉത്തർ പ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ് പൊലീസ് എത്തിയത്. കേസുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷന്റെ വീട്ടുജോലിക്കാരുൾപ്പെടെ 12 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. കേസിൽ ഇതുവരെ 137 പേരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

ഏപ്രിൽ 28നാണ് ഡൽഹി കൊണാട്ട് പ്ലേസ് പൊലീസ് ബ്രിജ് ഭൂഷനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലായിരുന്നു പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ, മുതിർന്ന താരങ്ങൾ നൽകിയ ലൈംഗിക പീഡന പരാതിയിലും ബ്രിജ് ഭൂഷനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

Tags:    
News Summary - The central government has called the wrestling players for a discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.