ഗുരുഗ്രാം (ഹരിയാന): പശുക്കടത്ത് ആരോപിച്ച് കൊലചെയ്യപ്പെട്ട മുസ്‌ലിം വ്യാപാരികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം സർക്കാർ ധനസഹായം നൽകണമെന്ന് ജമാഅത്തെ ഇസ്‍ലാമി ആവശ്യപ്പെട്ടു. കുടുംബങ്ങൾക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശികളുടെ വീട് സന്ദർശിച്ച ജമാഅത്ത് സംഘം പറഞ്ഞു. കേസന്വേഷണത്തിൽ വീഴ്ച വരുത്തി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച സംഘം മരിച്ചവരുടെ ബന്ധുക്കളുമായും നാട്ടുകാരുമായും ചർച്ച നടത്തി.
ജമാഅത്ത് ഉപാധ്യക്ഷൻ എഞ്ചി. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. 'നിയമ സഹായം നൽകുന്ന എ.പി.സി.ആറിന് ജമാഅത്ത് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ദേശീയ ഉപദേശക സമിതി അംഗം ഡോ. എസ്.ക്യു.ആർ ഇല്യാസ്, മേവാത്ത് ജില്ലാ പ്രസിഡന്റ് ഉബൈദുർ റഹ്മാൻ, പബ്ലിക് റിലേഷൻ അസി. സെക്രട്ടറി ലഈഖ് അഹമ്മദ് ഖാൻ, സയ്യദ് ഖാലിഖ് അഹമ്മദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നസീർ എന്നിവരെ ഹരിയാനയിലെ ഭീവാനിയിൽ വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നത്. കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ബജ്റംഗ്ദൾ പ്രവർത്തകരായ റിങ്കു സയ്നി, ലോകേഷ് സിഗ്ല, ശ്രീകാന്ത് എന്നിവരാണ് പിടിയിലായത്. മർദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ലെന്നും പിടിയിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്. അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. എന്നാൽ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.