രാഷ്ട്രപതി സ്ഥാനത്തേക്ക് ആരിഫ് മുഹമ്മദ് ഖാനേയും പരിഗണിച്ച് ബി.ജെ.പി

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനേയും ബി.ജെ.പി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ആരിഫ് മുഹമ്മദ് ഖാന്റെ ഉദാരനിലപാട് അദ്ദേഹത്തിന് അനുകൂലമാണെന്നാണ് സൂചന. അതേസമയം, ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനാർഥിയാക്കിയാൽ ഹിന്ദുത്വ മുഖത്തിന് പരിക്കേൽക്കുമോയെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ആരിഫ് മുഹമ്മദ് ഖാൻ പരിഗണനയിലുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഒരവസരം കൂടി ബി.ജെ.പി നൽകില്ലെന്നാണ് സൂചന. ദലിത് വിഭാഗത്തിൽ നിന്നുള്ള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തൽ ബി.ജെ.പിക്കുണ്ടെങ്കിലും അദ്ദേഹത്തിന് വീണ്ടുമൊരു അവസരം നൽകാൻ ഇടയില്ലെന്നാണ് പാർട്ടിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പാർട്ടിയുടെ പരിഗണനയിലുള്ള മറ്റൊരു സജീവ പേര്. നായിഡുവി​ന്റെ സീനിയോറിറ്റിക്കും വിശ്വസ്തതക്കും അർഹിക്കുന്ന പ്രാധാന്യം നൽകണമെന്ന അഭിപ്രായമുള്ളവർ ബി.ജെ.പിയിലുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആർ.എസ്.എസിനും നായിഡുവിനോട് താൽപര്യമുണ്ട്. ട്രൈബൽ വനിത നേതാക്കളും ബി.ജെ.പിയുടെ പരിഗണന പട്ടികയിലുണ്ട്. ഛത്തീസ്ഗഢ് ഗവർണറായ അനുസുയി ഉയികേ, മുൻ ഝാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നിവരാണ് പരിഗണനയിലുള്ള മറ്റ് രണ്ട് പേർ.

അതേസമയം, പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ചേർന്ന് ഒരു സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതിപക്ഷ പാർട്ടികളിൽ നിന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ചില കക്ഷികളുടെ പിന്തുണ തേടാൻ ബി.ജെ.പിയും ശ്രമമാരംഭിച്ചിട്ടുണ്ട്.

News Summary - The BJP game plan for 2022 presidential elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.