പ്രിയങ്ക ചതുർവേദി, ശശി തരൂർ
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തിയ കോൺഗ്രസ് എം.പി ശശി തരൂർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. സമാന രീതിയിൽ മോദിക്കൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ച ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി പ്രിയങ്ക ചതുർവേദിയെ ‘സാരിയുടുത്ത ശശി തരൂരെ’ന്ന് മാധ്യമപ്രവർത്തക സ്മിത പ്രകാശ് വിശേഷിപ്പിച്ചത് ദേശീയതലത്തിൽ ചർച്ചയായി. വാർത്ത ഏജൻസിയായ എ.എൻ.ഐയുടെ പോഡ്കാസ്റ്റിനിടെയായിരുന്നു സ്മിത പ്രകാശിന്‍റെ പരാമർശം.
മോദിയുമായി പ്രിയങ്ക ചതുര്‍വേദി ഈയടുത്ത് നടത്തിയ കൂടിക്കാഴ്ചയേക്കുറിച്ച് ചോദിക്കുകയായിരുന്നു സ്മിത. ഈ കൂടിക്കാഴ്ചക്കു പിന്നാലെ പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി മാറിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ചിലപ്പോള്‍ ആളുകളെ ദേഷ്യം പിടിപ്പിക്കാന്‍ തനിക്കിഷ്ടമാണെന്ന് പ്രിയങ്ക ചോദ്യത്തിന് മറുപടി നല്‍കി. കാരണം അവര്‍ തന്റെ ജീവിതത്തില്‍ അത്രയധികം ശ്രദ്ധിക്കുന്നു. താന്‍ അടുത്തതായി എവിടേക്കാണ് പോകുന്നത് എന്നൊക്കെയാണ് അവര്‍ ചിന്തിക്കുന്നതെന്നും അവർ പറഞ്ഞു.
ഇതിനിടെ 'അടിസ്ഥാനപരമായി നിങ്ങള്‍ സാരിയുടുത്ത ശശി തരൂര്‍' ആണെന്ന് സ്മിത പ്രകാശ് തമാശയായി പറഞ്ഞു. ഇത് ശശി തരൂരിനുള്ള പ്രശംസയാണോ അതോ തനിക്കുള്ള പ്രശംസയാണോ എന്നറിയില്ലെന്ന് പ്രിയങ്ക ചെറുചിരിയോടെ മറുപടി നല്‍കുകയും ചെയ്തു. ഇക്കാര്യം തരൂരിനോട് പറയുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ശിവസേന എം.പി.യുമായുള്ള താരതമ്യത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നാണ് വിഷയത്തിൽ തരൂരിന്‍റെ പ്രതികരണം. ‘നന്ദി പ്രിയങ്ക, എല്ലാനിലക്കും ഇതിനെ ഒരു പ്രശംസയായി കാണുന്നു’ -വിഡിയോ പങ്കുവെച്ച് തരൂർ എക്‌സില്‍ കുറിച്ചു.
ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാന്‍ വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് പ്രിയങ്ക ചതുര്‍വേദി. ഇതേക്കുറിച്ചും അവര്‍ പ്രതികരിച്ചു. രാജ്യത്തായിരിക്കുമ്പോള്‍ പ്രതിപക്ഷത്തെ ശക്തമായി പിന്തുണക്കുമെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍, പുറത്തായിരിക്കുമ്പോള്‍ ഞാനെന്റെ രാജ്യത്തിന്റെ പ്രതിനിധിയാണ്. പ്രധാനമന്ത്രിയുമായി 20 മിനിറ്റ് മികച്ച ഒരു സംഭാഷണം നടത്തി. ആദ്യമായാണ് വിദേശത്തേക്കുള്ള ഒരു പാര്‍ലമെന്ററി പ്രതിനിധി സംഘത്തില്‍ അംഗമാകുന്നതെന്ന് മോദിയോട് പറഞ്ഞെന്നും പ്രിയങ്ക പോഡ്കാസ്റ്റില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.