'മഹാകുംഭമേളക്ക് നൽകിയ പിന്തുണക്ക് പ്രധാനമന്ത്രിക്ക് നന്ദി'; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പ്രയാഗ്‌രാജ്: മഹാകുംഭമേളക്ക് നൽകിയ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേള നടത്തിപ്പിനായി മോദി നടത്തിയ കൂട്ടായ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 'അൽപം രാഷ്ട്രീയ ഇച്ഛാശക്തിയും ശരിയായ പിന്തുണയും ഉണ്ടെങ്കിൽ ഏത് പ്രവർത്തനവും വിജയിപ്പിക്കാം' -എക്സ് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിജയകരമായ മാർഗനിർദേശത്തിന്റെ ഫലമായാണ് ഐക്യം സമത്വം എന്നിവയുടെ മഹായജ്ഞമായ 'മഹാകുംഭമേള 2025' പ്രയാഗ്‌രാജിൽ ഭംഗിയായി സമാപിച്ചതെന്നും 45 പുണ്യദിനങ്ങളിലായി, സന്യാസിമാരുൾപ്പെടെ 66 കോടിയിലധികം ഭക്തർ ത്രിവേണിയിൽ പുണ്യസ്നാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വത്തിന്റെ ഉത്സവമായ മേള 'വസുധൈവ കുടുംബകം' എന്ന ആശയത്താൽ ലോകത്തെ മുഴുവൻ ഐക്യത്തിന്റെ നൂലിൽ ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് യോഗി പോസ്റ്റ് അവസാനിപ്പിച്ചത്.

ഉത്തർപ്രദേശിൽ നിന്നുള്ള എം.പി എന്ന നിലയിൽ, ആദിത്യനാഥിന്റെ നേതൃത്വത്തിൽ സർക്കാറും ഭരണകൂടവും ജനങ്ങളും ഒരുമിച്ച് 'ഐക്യത്തിന്റെ മഹാകുംഭം' വിജയകരമാക്കി എന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് നേരത്തെ ബ്ലോഗ് പോസ്റ്റിൽ മോദിയും പ്രശംസിച്ചിരുന്നു.

മഹാകുംഭമേള വിജയകരമായി പൂർത്തീയായതോടെ ആദിത്യനാഥ് പ്രയാഗ്‌രാജിൽ ഗംഗക്ക് മുന്നിൽ പ്രാർഥന നടത്തി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മന്ത്രി സ്വതന്ത്രദേവ് സിങ്, മന്ത്രി നന്ദ് ഗോപാൽ ഗുപ്ത എന്നിവരും പങ്കെടുത്തു.

ശുചിത്വ തൊഴിലാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി പ്രയാഗ്‌രാജിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കവേ, കുംഭമേളയുടെ വിജയത്തിൽ വിവിധ വകുപ്പുകൾ വഹിച്ച നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കുംഭമേളയുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ച എല്ലാ ശുചിത്വ തൊഴിലാളികളെയും, ആരോഗ്യ പ്രവർത്തകരെയും, ഗതാഗത വകുപ്പ് ജീവനക്കാരെയും, സുരക്ഷാ ജീവനക്കാരെയുമുൾപ്പെടെ എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.

പ്രയാഗ്‌രാജ് മേള അതോറിറ്റി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി, യാതൊരു മടിയും കൂടാതെ മുഴുവൻ പരിപാടിയും തങ്ങളുടേതായി കണക്കാക്കിയ പ്രയാഗ്‌രാജിലെ ജനങ്ങളെയും ഉത്തർപ്രദേശിലെ നിവാസികളുടെ ഊഷ്മളമായ ആതിഥ്യമര്യാദയെയും അദ്ദേഹം പ്രശംസിച്ചു.

ജനുവരി 13 ന് പ്രയാഗ്‌രാജിൽ ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26 നാണ് അവസാനിച്ചത്

Tags:    
News Summary - 'Thanks to PM for support to Mahakumbh Mela'; Uttar Pradesh Chief Minister Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.