കേന്ദ്ര സർക്കാർ ക്ഷമ പരീക്ഷിക്കുന്നു, കോടതി വിധി മാനിക്കുന്നില്ല; വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പരമോന്നത കോടതിയുടെ വിധി മറികടക്കാൻ നിയമനിർമാണം നടത്തുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കേന്ദ്ര സർക്കാർ കോടതിയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ കുറ്റപ്പെടുത്തി. ട്രൈബ്യൂണൽ റിഫോംസ് ആക്ട് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് കേന്ദ്രത്തിനെതിരായ സുപ്രീംകോടതിയുടെ വിമർശനം.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഒരു നിയമമോ നടപടിയോ സുപ്രീംകോടതി വിശദമായി പരിശോധിക്കുകയും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ശേഷം അതേ കാര്യം വീണ്ടും പുതിയ നിയമനിർമാണത്തിലൂടെ തിരികെ കൊണ്ടു വരുന്നത് എന്ത് നടപടിയാണെന്ന് കോടതി ചോദിച്ചു. ഇത് കോടതി വിധികളെ ബഹുമാനിക്കാത്ത നടപടികളാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. അതിനാൽ, മുൻ വിധിയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം ട്രൈബ്യൂണൽ നിയമനം നടത്തണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമനം നടത്താൻ അടുത്ത തിങ്കളാഴ്ച വരെ കേന്ദ്ര സർക്കാറിന് കോടതി സമയം അനുവദിക്കുകയും ചെയ്തു.

കോടതി ഇന്ന് കേസ് പരിഗണനക്കവെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ഇതാണ് കേന്ദ്രത്തിനെതിരായ ചീഫ് ജസ്റ്റിസിന്‍റെ രൂക്ഷ വിമർശനത്തിന് വഴിവെച്ചത്. ചെയര്‍മാനും അംഗങ്ങളും ഇല്ലാത്തതിനാല്‍ പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിലാണെന്നും സാമ്പത്തിക രംഗത്തെ പ്രധാന സ്ഥാപനമായ എൻ.സി.എല്‍.ടി, എന്‍.സി.എല്‍.എ.ടിയില്‍ പോലും പല ഒഴിവുകളും നികത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതികളുടെ നിയമന ശിപാര്‍ശകളില്‍ പോലും കേന്ദ്രം തീരുമാനമെടുക്കുന്നില്ല. ഇന്‍റലിജൻസ് ബ്യൂറോയുടെ ക്ലിയറന്‍സ് ലഭിച്ച വ്യക്തികളെയാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സമിതികള്‍ ശിപാര്‍ശ ചെയ്തത്. കോടതി ജഡ്ജിമാരെ പോലും സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലേ എന്ന് ജസ്റ്റിസ് രമണ ചോദിച്ചു. അതേസമയം, സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശിപാര്‍ശയില്‍ ഒരാഴ്ചക്കുള്ളില്‍ കേന്ദ്രം തീരുമാനം എടുത്തിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി.

ട്രൈബ്യൂണൽ നിയമനങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നേരത്തെ ഒാർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഈ ഒാർഡിനൻസിലെ വ്യവസ്ഥകൾ മദ്രാസ് ബാര്‍ അസോസിയേഷന്‍ കേസില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യം നിലനിൽക്കെ, കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ ട്രൈബ്യൂണൽ റിഫോംസ് ആക്ട് എന്ന പേരിൽ പുതിയ നിയമം പാസാക്കിയിരുന്നു. മുമ്പ് സുപ്രീംകോടതി റദ്ദാക്കിയ ഒാർഡിനൻസിലെ വ്യവസ്ഥകൾ അതേപടി നിലനിർത്തിയാണ് കേന്ദ്രം പുതിയ നിയമനിർമാണം നടത്തിയത്.

Tags:    
News Summary - Testing Our Patience: Supreme Court Ultimatum To Centre Over Tribunals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.