അ​ഖി​ലേ​ഷ് യാ​ദ​വ്, യോ​ഗി ആ​ദി​ത്യ​നാ​ഥ്

അയോധ്യ സംഭാവന മുക്കൽ; ബി.ജെ.പി പ്രതിരോധത്തിൽ

ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതുമായി ബന്ധപ്പെട്ട സംഭാവനയിൽ ഏഴു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായ ആരോപണം തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഉത്തർപ്രദേശിൽ ഭരണകക്ഷിയായ ബി.ജെ.പിക്കും യോഗി ആദിത്യനാഥ് സർക്കാറിനും തിരിച്ചടി. ക്ഷേത്രനിർമാണവും അയോധ്യ വികസനവും ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ നേട്ടങ്ങളിലൊന്നായി അവതരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിവാദം ഉയർന്നിരിക്കുന്നത്.

വിഷയത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) നിയോഗിച്ച നടപടി പ്രതിപക്ഷത്തിന് പുതിയ രാഷ്ട്രീയ ആയുധമായി മാറിയതോടെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സർക്കാറിനെതിരെ ആക്രമണം ശക്തമാക്കി. രാമക്ഷേത്രത്തിനുള്ള സംഭാവനാ ഫണ്ടിൽ ഏഴു മുതൽ ഏഴര കോടി രൂപവരെ ക്രമക്കേട് നടന്നതായി സമാജ്‌വാദി പാർട്ടി മുൻ അയോധ്യ എം.എൽ.എ പവൻ പാണ്ഡെ ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്നും സംഭാവനകൾ കൈകാര്യം ചെയ്തതിൽ ഗുരുതര സംശയങ്ങൾ ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

വിവാദം കത്തിപ്പടർന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം സർക്കാർ മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിരിക്കുകയാണ്. അതേസമയം, ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് തന്നെയാണ് എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ടതെന്നും സർക്കാർ ആദ്യം അനങ്ങിയിരുന്നില്ലെന്നും സമാജ്‍വാദി പാർട്ടി ആരോപണമുന്നയിച്ചുകഴിഞ്ഞു. സംഭാവന ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി നിരന്തരം രാഷ്ട്രീയമായി ഉപയോഗിച്ച അയോധ്യ വിഷയത്തിൽ ഇപ്പോൾ അഴിമതിയുടെയും ക്രമക്കേടിന്റെയും വാർത്തകളാണ് ഉയരുന്നതെന്ന് എസ്.പി ആരോപിക്കുന്നു.

ക്ഷേത്രത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾക്ക് വിരാമമിടാൻ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് ട്രസ്റ്റിന്റെ നിലപാട്. ലഖ്നോ ഡിവിഷനൽ കമീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയോട്, 15 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ആഗ്രയിൽ മാധ്യമങ്ങളോട് സംസാരിച്ച അഖിലേഷ് യാദവ്, യോഗി സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. ‘പുരോഹിതരെയും ക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അന്വേഷണവിധേയരാക്കേണ്ട സാഹചര്യം വന്നത് ദൗർഭാഗ്യകരമാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതകേന്ദ്രങ്ങളിലൊന്നായ രാമക്ഷേത്രത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടിവരുന്നത് സനാതന ധർമത്തിനുതന്നെ അപമാനമാണ്’ -അദ്ദേഹം ആരോപിച്ചു.

അതേസമയം, ആരോപണങ്ങൾ രാമക്ഷേത്ര ട്രസ്റ്റ് തള്ളി. എല്ലാ സാമ്പത്തിക ഇടപാടുകളും കൃത്യമായ ഓഡിറ്റിന് വിധേയമാണെന്നും പതിവ് പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി. സംഭാവനാ ഫണ്ടിന്റെ ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ട്രസ്റ്റ് അവകാശപ്പെടുന്നു. ഇതിനിടെ, രാമക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര സർക്കാറിന്റെ നടപടിയെ സ്വാഗതം ചെയ്തു.

Tags:    
News Summary - Ayodhya donation embezzlement; BJP in defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.