ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ 72 മണിക്കൂറായിട്ടും പുറത്തെത്തിക്കാനായില്ല. ഇതുവരെ രക്ഷാപ്രവർത്തനത്തിൽ ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ല. എസ്.ഡി.ആർ.എഫ്, ഇന്ത്യൻ സൈന്യം എന്നിവർ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.
തൊഴിലാളികൾ കുടുങ്ങിയ തുരങ്കത്തിൽ ചെളിയും വെള്ളവും ഉള്ളത് രക്ഷാപ്രവർത്തനത്തിന് തടസമാവുന്നുണ്ട്. തുരങ്കത്തിൽ മണ്ണിടിയാനുള്ള സാധ്യത മുന്നിൽകണ്ട് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
2023ൽ ഉത്തരാഖണ്ഡിലെ സിൽക്കാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ റാറ്റ് മൈനേഴ്സ് സംഘത്തെ എത്തിച്ചിട്ടുണ്ട്. പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നു തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു തുറന്നുപറഞ്ഞു.
രണ്ട് എൻജിനീയർമാർ, രണ്ട് മെഷീൻ ഓപ്പറേറ്റർമാർ, നാല് തൊഴിലാളികൾ എന്നിവരാണു തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിൽ കുടുങ്ങിയത്. ഉത്തർ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ജാർഖണ്ഡ് സ്വദേശികളാണിവർ.
രണ്ടുദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും തെലങ്കാന മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.