സർക്കാർ ജീവനക്കാരുടെ ആനുകൂല്യ കുടിശ്ശിക; മന്ത്രിമാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറച്ച് തെലങ്കാന

ഹൈദരാബാദ്: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണം ചെയ്യുന്നതിനായി മന്ത്രിമാരുടെ ശമ്പളത്തിന്റെ 50 ശതമാനം വെട്ടിക്കുറക്കാൻ തെലങ്കാന മന്ത്രിസഭ തീരുമാനം. വ്യാഴാഴ്ച മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വർധിച്ചുവരുന്ന ബാധ്യതകൾ പരിഹരിക്കുന്നതിനും പെൻഷനും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുമാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വിരമിക്കൽ ആനുകൂല്യങ്ങളും കുടിശ്ശികയും ഉൾപ്പെടെ 14,000 കോടിയിലധികം രൂപയാണ് കൊടുത്തുതീർക്കാനുള്ളത്. കുടിശ്ശിക തീർക്കാനുള്ള 100 ദിവസത്തെ കർമ്മ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള ജീവനക്കാർക്ക് 6,200 കോടി രൂപയും വിരമിച്ച ജീവനക്കാർക്ക് 8,000 കോടി രൂപയും കുടിശ്ശിക നൽകാനുണ്ടെന്നാണ് വിവരം.

വിരമിക്കൽ ആനുകൂല്യങ്ങൾ തീർപ്പാക്കുന്നതിലെ കാലതാമസം പെൻഷൻകാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് സർക്കാർ വിലയിരുത്തി. അതിനാൽ ഈ കുടിശ്ശികകൾ തീർക്കുന്നതിനാണ് മുൻഗണന നൽകുക. കൂടാതെ ഇതുസംബന്ധിച്ച് ജീവനക്കാരുടെ യൂണിയനുകളുമായും മറ്റ് പങ്കാളികളുമായും കൂടിയാലോചിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്തുവർഷത്തിനിടയിലാണ് ഇത്രയധികം കുടിശ്ശിക കുന്നുകൂടിയതെന്ന കാര്യത്തിൽ മന്ത്രിസഭ ആശങ്ക രേഖപ്പെടുത്തി. ശമ്പളം വെട്ടിക്കുറക്കുന്നതിന് പുറമെ കുടിശ്ശികകൾ കൃത്യസമയത്ത് നൽകുന്നതിനായി മറ്റ് വിഭവസമാഹരണ മാർഗങ്ങളും സർക്കാർ തേടും. ആവശ്യമായിവന്നാൽ ജനപ്രതിനിധികളും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനൽകാൻ സന്നദ്ധരാണെന്ന് വാർത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തെലങ്കാനയുടെയും തീരുമാനം.

Tags:    
News Summary - Telangana ministers to take 50percent pay cut to fund pending dues of govt employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.