‘അല്ലെങ്കിൽ ജെ.ഡി.യുവിനെ ബി.ജെ.പി ഇല്ലാതാക്കും’; നിതീഷ് കുമാറിന്റെ മകൻ ഉടൻ രാഷ്ട്രീയത്തിൽ ചേരണമെന്ന് തേജസ്വി യാദവ്

ന്യൂഡൽഹി: ജെ.ഡി.യുവിന്റെ ഭാവി കണക്കിലെടുത്ത് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ എത്രയും വേഗം രാഷ്ട്രീയത്തിൽ ചേരണമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്.

''അദ്ദേഹം ഞങ്ങളുടെ സഹോദരനാണ്. അദ്ദേഹം എത്രയും പെട്ടെന്ന് രാഷ്ട്രീയത്തിലെത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ ശരദ് യാദവ് രൂപവത്കരിച്ച ജെ.ഡി.യുവിനെ ബി.ജെ.പി തീർക്കും. ''-തേജസ്വി പറഞ്ഞു. നിശാന്തിന്റെ രാഷ്ട്രീയ പ്രവേശനം ജെ.ഡി.യുവിനെ രക്ഷിക്കുമോ എന്ന ചോദ്യത്തിന് കുറഞ്ഞത് ജെ.ഡി.യു നിലനിൽക്കാനുള്ള സാധ്യതയെങ്കിലും ഉണ്ടാകുമെന്നും തേജസ്വി യാദവ് പ്രതികരിച്ചു.

നിശാന്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജെ.ഡി.യുവിന്റെ ഭാവി. ഞങ്ങൾ രാഷ്ട്രീയത്തിലിറങ്ങിയത് മാതാപിതാക്കൾ നിർബന്ധം ചെലുത്തിയിട്ടല്ല. ബിഹാറിലെ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും തങ്ങളെ ആവശ്യമുണ്ടായിരുന്നുവെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.

ഈ വർഷാവസാനം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി നിതീഷ് കുമാറിനെ പ്രഖ്യാപിക്കുമെന്നും വരും തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും മത്സരം എന്നുമുള്ള നിശാന്ത് കുമാറിന്റെ ​​പ്രസ്താവന വലിയ വാർത്തയായിരുന്നു.

''സംസ്ഥാനത്ത് ഒട്ടേറെ വികസനങ്ങൾ കൊണ്ടുവന്ന മുഖ്യമന്ത്രി നിതീഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുകയാണ്. കഴിഞ്ഞ തവണ ജനം 43 സീറ്റുകളാണ് നൽകിയത്. ഇത്തവണ കൂടുതൽ സീറ്റ് നൽകി വിജയം ഉറപ്പാക്കിയാൽ ഒരുപാട് വികസനവും നടപ്പാക്കും.​''-നിശാന്ത് കുമാർ പറഞ്ഞു.

സംഘികൾ നിശാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശം തടയുന്നുവെന്നായിരുന്നു നേരത്തേ തേജസ്വി യാദവിന്റെ ആരോപണം. ''നിശാന്തിന്റെ രാഷ്ട്രീയ പ്രവേശം തടയാൻ സംഘിഘടകങ്ങൾ ഗൂഢാലോചന നടത്തുകയാണ്. നിതീഷ് കുമാറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നിശാന്ത് ഞങ്ങളുടെ കുടുംബാംഗം പോലെയാണ്. അദ്ദേഹം രംഗത്തിറങ്ങിയാൽ ജെ.ഡിയുവിനെ രക്ഷിക്കാൻ പറ്റും. എന്നാൽ നിശാന്തിന്റെ രാഷ്ട്രീയ പ്രവേശനം തടയാൻ സംഘി ഘടകങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ട്.''-തേജസ്വി യാദവ് പറഞ്ഞു.

അതുപോലെ നിശാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് തേജസ്വിയുടെ സഹോദരനായ തേജ് പ്രതാപ് യാദവും പ്രതികരിച്ചിരുന്നു. നിശാന്തിന്റെ രാഷ്ട്രീയ പ്രവേശനം ജെ.ഡി.യുവിലൂടെയല്ല, ആർ.ജെ.ഡിയിലൂടെ വേണമെന്നാണ് ആഗ്രഹമെന്നായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം.

Tags:    
News Summary - Tejashwi on why Nitish Kumar's son should join politics immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.