ന്യൂഡൽഹി: ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം ദുബൈയിൽ വ്യോമ പ്രദർശനത്തിനിടെ തകർന്നുവീണു. വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെയുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പതിക്കുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ പുറത്തുവന്നു.
ദുബൈ എയർഷോയിൽ വ്യോമപ്രദർശനത്തിനിടെ ഐ.എ.എഫ് തേജസ്സ് വിമാനം അപകടത്തിൽപെടുകയും പൈലറ്റ് മരിക്കുകയും ചെയ്തുവെന്ന് വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. പൈലറ്റിന്റെ ജീവൻ നഷ്ടമായതിൽ അഗാധമായി ഖേദിക്കുന്നു. സേന ദുഃഖിതരായ കുടുംബത്തോടൊപ്പം നിലകൊള്ളുന്നതായും വ്യോമസേന വ്യക്തമാക്കി. സംഭവത്തിൽ സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ അഗാധ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
അപകടം നടന്നയുടൻ അഗ്നിശമന സേനയും അടിയന്തര സേവന സംഘങ്ങളും കുതിച്ചെത്തിയെന്നും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും ദുബൈ മീഡിയ ഓഫിസ് എക്സിൽ കുറിച്ചു.
തേജസ്സ് വിമാനം വികസിപ്പിച്ച് 24 വർഷത്തിനിടെ രണ്ടാംതവണയാണ് തകരുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ജയ്സാൽമീറിൽവെച്ച് തേജസ്സിന്റെ ആദ്യ അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി 2021ൽ വ്യോമസേനക്കായി 83 തേജസ്സ് എം.കെ -1 എ വിമാനങ്ങൾ നിർമിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാർ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് നൽകിയിരുന്നു. 2023 നവംബറിൽ വ്യോമസേനക്കായി 97 തേജസ്സ് ജെറ്റുകളുടെ അധികബാച്ച് വാങ്ങുന്നതിനായി പ്രാഥമിക അനുമതി നൽകുകയുംചെയ്തിരുന്നു.
തേജസ്സ് വിമാനം
ഒറ്റ എൻജിനുള്ള ബഹുതല റോളുകളുള്ള ലൈറ്റ് കോംപാക്ട് 4.5 തലമുറ യുദ്ധവിമാനമാണ് തേജസ്സ്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്.എ.എൽ) എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയും (എ.ഡി.എ) സംയുക്തമായി വ്യോമസേനക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണിത്. വിദേശ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധ വിമാനമാണ്. വാലില്ലാത്ത, കോമ്പൗണ്ട് ഡെൽറ്റ വിങ് രൂപമാതൃകയാണ് തേജസ്സിന്റേത്. ഇത് വിമാനത്തിന്റെ സവിശേഷ കുതിപ്പിനും ചടുലതക്കും സഹായിക്കുന്നു.പ്രത്യേക ലോഹക്കൂട്ടുകൾ നിർമാണത്തിന് ഉപയോഗിച്ചതിനാൽ വിമാനത്തിന് ഭാരം കുറവാണ്. അതിനാൽ ദുർഘട ഘട്ടങ്ങളിലും പ്രതിരോധ സാഹചര്യങ്ങളിലും വിമാനം എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. സമാന വിമാനങ്ങളേക്കാൾ ഏറ്റവും ഭാരം കുറഞ്ഞ വിമാനമാണ് തേജസ്സ്. ഈ വിഭാഗത്തിലെ ഏറ്റവും ചെറിയ സൂപ്പർസോണിക് യുദ്ധവിമാനംകൂടിയാണ് തേജസ്സ്. പറക്കുമ്പോൾതന്നെ ഇന്ധനം നിറക്കാൻ കഴിയുമെന്നതാണ് തേജസ്സിന്റെ മറ്റൊരു പ്രത്യേകത.
രണ്ടുവർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന വ്യോമയാന മേഖലയിലെ ആഗോള പ്രശസ്തമായ ദുബൈ എയർ ഷോ നവംബർ 17നാണ് ആരംഭിച്ചത്. ഷോ ഇന്ന് അവസാനിക്കാനിരിക്കെയാണ് തേജസിന്‍റെ അപകടം. ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലാണ് ഷോ നടന്നത്. മേളയിൽ ഇത്തവണ 1500ലേറെ പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രദർശനമുണ്ടായിരുന്നു. 150ലേറെ രാജ്യങ്ങളിൽ നിന്നായി 1.48 ലക്ഷം പ്രഫഷനലുകളും നൂതന സംരംഭകരും ഭാവി വ്യോമയാന മേഖലയുടെയും ബഹിരാകാശ മേഖലയുടെയും സാങ്കേതികവിദ്യകൾ കാണാനും പരിചയപ്പെടാനുമായി മേളക്കെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.