‘കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കുന്നു’; അധ്യാപക നിയമന അഴിമതി കേസിൽ അഭിഷേക് ബാനർജിയെ 11 മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രൈമറി സ്കൂൾ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 11 മണിക്കൂറിലേറെ ചോദ്യം ചെയ്തു. കൊൽക്കത്തയിലെ സി.ജി.ഒ കോംപ്ലക്സിലെ ഇ.ഡി ഓഫീസിൽ തിങ്കളാഴ്ച രാവിലെ 11ഓടെ ഹാജരായ അദ്ദേഹം രാത്രി വരെ ചോദ്യം ചെയ്യലിന് വിധേയനായി. രാത്രി 10.15ഓടെയാണ് ചോദ്യം ചെയ്യലിന് ശേഷം അഭിഷേക് ബാനർജി ഇ.ഡി ഓഫിസിൽനിന്ന് പുറത്തിറങ്ങിയത്.

അന്വേഷണത്തോട് പൂർണമായി സഹകരിച്ചുവെന്നും തന്നോട് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയതായും ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് അഭിഷേക് ബാനർജി പ്രതികരിച്ചു. അന്വേഷണ ഏജൻസികൾ എപ്പോൾ വിളിച്ചാലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ സമ്മർദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനും സമ്മർദ്ദത്തിന് വഴങ്ങാത്തവരെ നിശബ്ദരാക്കാനും കഴിഞ്ഞ ഒരു മാസമായി തുടർച്ചയായ ശ്രമം നടന്നു. വിവിധ കാരണങ്ങൾ പറഞ്ഞ് അധികാരികൾ വോട്ടർ പട്ടികയിൽ നിന്ന് യോഗ്യരായ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതായും തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ കൗണ്ടിങ് ഏജന്റുമാരുടെ മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചനകൾ, കൂറുമാറ്റങ്ങൾ, രാഷ്ട്രീയ വേട്ടയാടൽ എന്നിവയിലൂടെ പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ല. ജനങ്ങളുടെ താൽപര്യങ്ങൾക്കായി പോരാടുന്നവർ സമ്മർദ്ദത്തിന് വഴങ്ങുകയോ കീഴടങ്ങുകയോ ചെയ്യില്ല. ആവർത്തിച്ചുള്ള സമൻസുകളും അന്വേഷണങ്ങളും ഉണ്ടായിരുന്നിട്ടും പ്രതിപക്ഷ ശബ്ദങ്ങൾ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമന അഴിമതി കേസിൽ, എഫ്‌.ഐ.ആർ നാല് വർഷം മുമ്പ് ഫയൽ ചെയ്തതാണെന്നും 2022 ജൂണിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചതെന്നും അഭിഷേക് ബാനർജി പറഞ്ഞു. 2022 ജൂലൈയിൽ നിരവധി അറസ്റ്റുകൾ നടന്നു. പക്ഷേ കേസ് അവസാനിപ്പിച്ചിട്ടില്ല. സുതാര്യവും നിഷ്പക്ഷവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ നിയമന പ്രക്രിയക്ക് പിന്തുണ നൽകും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അർഹമായ ജോലികൾ കാലതാമസമില്ലാതെ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രൈമറി അധ്യാപക നിയമനത്തിൽ ക്രമക്കേടുകളും പണപ്പിരിവും നടന്നുവെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. കേസിൽ സാമ്പത്തിക ഇടപാടുകളുടെയും പണമൊഴുക്കിന്റെയും വിശദാംശങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഭിഷേക് ബാനർജിക്കായി രണ്ട് ഡസനോളം ചോദ്യങ്ങൾ തയറാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ  ദിവസങ്ങളായി വിവിധ അന്വേഷണ ഏജൻസികൾ അഭിഷേക് ബാനർജിയെ തുടർച്ചയായി ചോദ്യം ചെയ്യുകയാണ്. നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളിൽ എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി നിർമിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ സി.ഐ.ഡി അഭിഷേക് ബാനർജിയെ എട്ടര മണിക്കൂറോളം ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ.

Tags:    
News Summary - Abhishek Banerjee questioned by ED for 11 hours in Bengal recruitment scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.