ചെന്നൈ: കൈയാങ്കളിയും കസേരയേറുമെല്ലാം നിറഞ്ഞ സംഘര്‍ഷഭരിതവും അത്യന്തം നാടകീയവുമായ മണിക്കൂറുകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തെ പുറത്താക്കി എടപ്പാടി കെ. പളനിസാമി സര്‍ക്കാര്‍ തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 122 പേരുടെ പിന്തുണ പളനിസാമിക്ക് ലഭിച്ചു. പന്നീര്‍സെല്‍വം വിഭാഗത്തിലെ 11 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.
ബഹളത്തെതുടര്‍ന്ന് രണ്ടുതവണ നിര്‍ത്തിവെച്ച സഭ വൈകീട്ട് മൂന്നിന് ചേര്‍ന്നാണ് ഭൂരിപക്ഷം തെളിയിക്കാന്‍ തലയെണ്ണിയത്. പരസ്യവോട്ടെടുപ്പായ ഡിവിഷന്‍ വോട്ടിങ് (ബ്ളോക്ക് എണ്ണല്‍) നടക്കുമ്പോള്‍ 133 അണ്ണാ ഡി.എം.കെ അംഗങ്ങള്‍ സഭയിലുണ്ടായിരുന്നു. കോയമ്പത്തൂര്‍ നോര്‍ത്ത് എം.എല്‍.എ അരുണ്‍കുമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍ ശനിയാഴ്ച രാവിലെ റിസോര്‍ട്ടില്‍നിന്ന് മുങ്ങിയ കങ്കയം എം.എല്‍.എ തനിയരശ് പളനിസാമിക്കൊപ്പം നിന്നു. പന്നീര്‍സെല്‍വം വിഭാഗം അവസാനനിമിഷം വരെ എം.എല്‍.എമാരുടെ കൂടുമാറ്റം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കേവല ഭൂരിപക്ഷമായ 117ല്‍ നിന്ന് ആറുവോട്ട് കൂടുതല്‍ നേടി ശശികല പക്ഷത്തിന്‍െറ തന്ത്രം ലക്ഷ്യത്തിലത്തെുകയായിരുന്നു. പ്രത്യേക നിയമസഭ സമ്മേളനം ദിവസം നീണ്ട നാടകീയരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന എം.എല്‍.എമാര്‍ രാവിലെ പത്തരയോടെ നിയമസഭയിലത്തെി. പ്രതിപക്ഷമായ ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്ലിംലീഗ് അംഗങ്ങളും പന്നീര്‍സെല്‍വം ഉള്‍പ്പെടെ 11 എം.എല്‍.എമാരും എതിര്‍പക്ഷത്തിരുന്നു.
11ഓടെ സഭാ സമ്മേളനം തുടങ്ങി. മുഖ്യമന്ത്രി പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് കക്ഷി നേതാക്കളായ എം.കെ. സ്റ്റാലിനും പ്രതിഷേധത്തിനൊടുവില്‍ പന്നീര്‍സെല്‍വത്തിനും സംസാരിക്കാന്‍ അവസരം നല്‍കി. എം.എല്‍.എമാര്‍ ജയില്‍ പുള്ളികളെ പോലെ തടവില്‍ കഴിഞ്ഞതിനാല്‍ വിശ്വാസവോട്ട് നീട്ടിവെക്കണമെന്നും രഹസ്യവോട്ടെടുപ്പ് വേണമെന്നുമുള്ള ആവശ്യത്തില്‍ ഡി.എം.കെയും പന്നീര്‍സെല്‍വം വിഭാഗവും ഒന്നിച്ചു. ഇത് നിരസിച്ച് സ്പീക്കര്‍ പി. ധനപാല്‍ പരസ്യ വോട്ടെടുപ്പിലേക്ക് നീങ്ങിയതോടെ ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. സഭാ നടപടികളെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു.
വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിനീക്കി സ്പീക്കറെ വളഞ്ഞ എം.എല്‍.എമാര്‍ ഫയലുകള്‍ കീറി എറിഞ്ഞു. സ്പീക്കറുടെ മേശ തട്ടിമറിച്ചിട്ടു. ചെയറില്‍നിന്ന് സ്പീക്കറെ ബലപ്രയോഗത്തിലൂടെ എഴുന്നേല്‍പിച്ച് രഹസ്യവോട്ടെടുപ്പ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിച്ചു. നിയമസഭ സെക്രട്ടറി ജമാലുദ്ദീനെ എഴുന്നേല്‍പിച്ച് കസേര എടുത്തുമാറ്റി. ഇതിനിടെ, ഡി.എം.കെ എം.എല്‍.എമാരായ പൂങ്കോതൈ ആലടി അരുണ, രംഗനാഥന്‍, സെല്‍വന്‍ എന്നിവര്‍ സ്പീക്കറുടെ കസേരയില്‍ ഇരിപ്പായി. ഒരു മണിക്കൂറോളം നീണ്ട ബഹളത്തിനൊടുവില്‍ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. പിന്നീട് ഒന്നിന് ചേര്‍ന്നപ്പോഴും സംഘര്‍ഷം തുടര്‍ന്നു. വീണ്ടും മൂന്നുവരെ നിര്‍ത്തിവെച്ചു. ഇതിനിടെ ഡി.എം.കെ എം.എല്‍.എമാര്‍ സ്റ്റാലിന്‍െറ നേതൃത്വത്തില്‍ നിരാഹാര ധര്‍ണ തുടങ്ങി. പ്രതിഷേധക്കാരായ ഡി.എം.കെക്കാരെ പുറത്താക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടു. സ്റ്റാലിന്‍ ഉള്‍പ്പെടെ നേതാക്കളെ പൊക്കിയെടുത്താണ് സഭക്ക് പുറത്തത്തെിച്ചത്. നിരവധി എം.എല്‍.എമാര്‍ക്ക് പരിക്കേറ്റു. കീറിയ ഷര്‍ട്ടുമായി സഭാ പരിസരം വിട്ട് റോഡിലത്തെിയ സ്റ്റാലിന്‍ തങ്ങളെ കുറ്റവാളികളെപ്പോലെയാണ് പരിഗണിച്ചതെന്ന് ആരോപിച്ചു. ഇതേ വസ്ത്രവുമായി അദ്ദേഹം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ചു. ജനാധിപത്യവിരുദ്ധ നടപടികളാണ് സഭയില്‍ അരങ്ങേറിയതെന്ന് ഗവര്‍ണര്‍ക്ക് കൊടുത്ത പരാതിയില്‍ അറിയിച്ചു. തുടര്‍ന്ന് മറീന ബീച്ചിലെ ഗാന്ധി പ്രതിമക്ക് സമീപം ധര്‍ണ ഇരുന്ന സ്റ്റാലിനെയും എം.എല്‍.എമാരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഡി.എം.കെക്ക് അനുഭാവം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളും സഭ വിട്ടു. സഭാ സമ്മേളനം കഴിഞ്ഞാണ് പന്നീര്‍സെല്‍വം സഭ വിട്ടത്. വിശ്വാസവോട്ടില്‍ വിജയിച്ച പളനിസാമിയും മന്ത്രിമാരും എം.എല്‍.എമാരും ജയലളിതയുടെ സമാധിയില്‍ പുഷ്പാര്‍ച്ച നടത്തി. അമ്മയുടെ യഥാര്‍ഥ അനുയായികള്‍ ആരെന്ന് വെളിപ്പെട്ട ദിവസമാണെന്ന് മുഖ്യമന്ത്രി പളനിസാമി പറഞ്ഞു. മന്ത്രിസഭാംഗങ്ങള്‍ ശശികലയെ കാണാന്‍ ബംഗളൂരുവിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിലാണ്. സഭയില്‍ നടന്നത് ജനകീയ കോടതിയില്‍ വിചാരണ ചെയ്യപ്പെടുമെന്നും താന്‍ അപമാനിക്കപ്പെട്ടതായും സ്പീക്കര്‍ പി. ധനപാല്‍ പറഞ്ഞു.
റിസോര്‍ട്ട് അടച്ചു; എം.എല്‍.എമാര്‍ മണ്ഡലങ്ങളിലേക്ക്
ചെന്നൈ: ശശികലപക്ഷത്തെ എം.എല്‍.എമാരെ 11 ദിവസമായി ‘തടവില്‍’ പാര്‍പ്പിച്ചിരുന്ന മഹാബലിപുരം കൂവത്തൂരിലെ വിവാദ റിസോര്‍ട്ട് രണ്ടു ദിവസത്തേക്ക് അടച്ചു. അറ്റകുറ്റപ്പണിക്കും ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാനുമാണ് അടച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. എം.എല്‍.എമാര്‍ മണ്ഡലങ്ങളിലേക്ക് പുറപ്പെടും.
എം.എല്‍.എമാരുടെ താമസച്ചെലവായി രണ്ടു ലക്ഷം രൂപ മാത്രമാണ് റിസോര്‍ട്ടില്‍ നല്‍കിയത്. ദിനംപ്രതി അഞ്ചു ലക്ഷം രൂപ ചെലവായിട്ടുണ്ട്. നിയമസഭയിലേക്കു തിരിച്ച എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍നിന്ന് ബാഗും മറ്റു സാമഗ്രികളും എടുക്കാന്‍ എത്തുമ്പോള്‍ ബാക്കി പണം തരുമെന്നാണ് റിസോര്‍ട്ട് അധികൃതരുടെ പ്രതീക്ഷ. ചൊവ്വാഴ്ച വരെ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
പി.ആര്‍.ജി. അരുണ്‍കുമാറിന്‍െറ പിന്മാറ്റം സമ്മര്‍ദം മൂലം
കോയമ്പത്തൂര്‍: വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച കോയമ്പത്തൂര്‍ നോര്‍ത് മണ്ഡലത്തിലെ അണ്ണാ ഡി.എം.കെ എം.എല്‍.എ പി.ആര്‍.ജി. അരുണ്‍കുമാറിന്‍െറ നടപടി പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലം. കഴിഞ്ഞ പത്ത് ദിവസമായി കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന അരുണ്‍കുമാര്‍ ശനിയാഴ്ച രാവിലെ സ്വദേശമായ കോയമ്പത്തൂരിനടുത്ത പെരിയനായ്ക്കന്‍പാളയത്ത് നാടകീയമായി പ്രത്യക്ഷപ്പെടുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ ശശികല കുടുംബത്തിന്‍െറ ആധിക്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ജയലളിത അന്തരിച്ച നിലയില്‍ തോഴി ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് മാനസികമായ വിഷമത്തോടെയാണെങ്കിലും അംഗീകരിക്കുകയായിരുന്നു. അരുണ്‍കുമാറിന്‍െറ നടപടി പാര്‍ട്ടി ജില്ല നേതൃത്വത്തിന് വന്‍ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
LIVE BLOG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.